
രണ്ടാഴ്ച മുമ്പാണ് ചൈനയിൽ ഒരു പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎസിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഈ രോഗം നൂറോളം പേരെ ബാധിക്കുകയും ഒൻപത് പേര് മരിക്കുകയും ചെയ്തു. നൂറുകണക്കിന് പേർ ചികിത്സയിലാണ്. മരിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു.
സീഫുഡ് മാർക്കറ്റിൽ നിന്ന് പകർന്ന വൈറസ് മൃഗങ്ങളിൽ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം കരുതിയത് എങ്കില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നും തെളിഞ്ഞിരിക്കുന്നു. ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.
ഏത് മൃഗത്തിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നിരിക്കുന്നത് എന്നത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇതിന്‍റെ ഉറവിടം പാമ്പുകള്‍ ആകാമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് പാമ്പുകളായ ക്രയാറ്റ് (krait) , കോമ്പ്ര എന്നീ പാമ്പുകളാവാം ഈ വൈറസിന്‍റെ ഉറവിടം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയുടെ തെക്ക് ഭാഗത്തും സൌത്ത് ഈസ്റ്റ് ഏഷ്യയിലുമാണ് Taiwanese krait എന്ന ഇനം പാമ്പുകള്‍ കൂടുതലായി കാണുന്നത്. മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം ഉണ്ടായത്.
വെരുകുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം കൊറോണ വൈറസ് ബാധകൾ ഇതിനു മുമ്പ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസും മുമ്പ് കണ്ടെത്തിയതിൽ പെടുന്നു (MERS-CoV വൈറസിന്റെ കേസിൽ). ഇതിനു പുറമെ മൃഗങ്ങൾക്കിടയിൽ മാത്രം കിടന്നു കറങ്ങുന്ന ചിലയിനം കൊറോണ വൈറസുകളും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യരിലേക്ക് പടർന്നു പിടിച്ചതായി ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല ഈ വൈറസ് പകരുന്നത്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് എളുപ്പത്തിൽ പകർന്നുപിടിക്കുന്നുണ്ട് എന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.
പ്രധാന ലക്ഷണങ്ങള്‍
പനി, കഫം , വീർപ്പുമുട്ടൽ, ശ്വാസതടസ്സം , ന്യൂമോണിയ , സാർസ് , കിഡ്‌നി തകരാർ, മരണം , അസുഖം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയാൻ അസുഖ ബാധിതരെ ഐസൊലേഷൻ വാർഡുകളിൽ പാർപ്പിക്കാനാണ് തല്ക്കാലം ചൈനീസ് ആശുപത്രികൾക്ക് കിട്ടിയിട്ടുള്ള നിർദേശം.
മുൻകരുതലുകൾ
ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുക, കൈകൾ ഇടക്കിടെ കഴുകുക, മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളിൽ ചെല്ലുകയോ ഒക്കെ ചെയ്താൽ വിശേഷിച്ചും. കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളർത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക. വേണ്ടപോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam