പാര്‍ശ്വഫലങ്ങള്‍ ഇല്ല, ചികിത്സാ ചെലവ് കുറയും; ക്യാന്‍സറിന് മഞ്ഞള്‍ ഉപയോഗിച്ച് ചികിത്സ; ശ്രീചിത്രക്ക് പേറ്റന്റ്

By Web TeamFirst Published Jan 14, 2020, 10:12 AM IST
Highlights

കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ സഹായത്തോട് കൂടിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. പാര്‍ശ്വഫലങ്ങള്‍ പുത്തന്‍ സങ്കേതിക വിദ്യയിലൂടെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനൊപ്പം ചികിത്സാ ചെലവ് വലിയ തോതില്‍ കുറയുമെന്നും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധര്‍

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക്  ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിനു യുഎസ് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനായി ഉപയോഗിച്ച കുർക്കുമിൻ വേഫർ എന്ന സാങ്കേതിക വിദ്യക്കാണ് പേറ്റന്‍റ് ലഭിച്ചത്. ശ്രീചിത്രയിലെ ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 

കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ സഹായത്തോട് കൂടിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തിൽ കൈമാറാൻ തയാറായതായി ശ്രീചിത്ര ഡയറക്ടർ ഡോ ആശ കിഷോർ വ്യക്തമാക്കി. കുർക്കുമിൻ, ഹ്യൂമൻ പ്ലാസ്മ, ആൽബുമിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ ചേർത്തു കനംകുറഞ്ഞ പാളികള്‍ തയ്യാറാക്കിയാണ് ചികിത്സ.  ക്യാന്‍സര്‍ ബാധിച്ച ഭാഗങ്ങളിൽ ശസ്ത്രക്രിയയ്ക്കു ശേഷം ഈ പാളി പതിപ്പിക്കുന്നു. ടിഷ്യു ഫ്ലൂയിഡ് വഴി കുർക്കുമിൻ ക്യാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇതി ക്യാന്‍സറിനെ വീണ്ടും പടരുന്നതില്‍ നിന്ന് പ്രതിരോധിക്കും.

മഞ്ഞളില്‍ അടങ്ങിയ കുർക്കുമിൻ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്നു നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച മേഖലകളില്‍ കുര്‍ക്കുമിന്‍ എത്തിക്കുക എന്നതായിരുന്നു ഗവേഷക സംഘത്തിന് നേരിട്ട പ്രധാന വെല്ലുവിളി. യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങൾക്ക് കൈമാറാന്‍ സാധിക്കും. കുർക്കുമിനും ആൽബുമിനും സംയോജിപ്പിച്ചു കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടൻ ലഭിക്കുമെന്നാണ് സൂചന. 

നിലവിലെ കീമോ തെറാപ്പിയില്‍ ക്യാന്‍സര്‍ കോശങ്ങളോടൊപ്പം രോഗം പടരാത്ത കോശങ്ങളും നശിപ്പിക്കപ്പെടും. ഛര്‍ദിലും മുടികൊഴിച്ചിലുമടക്കം സമഭവിക്കുന്നത് കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളായാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ പുത്തന്‍ സങ്കേതിക വിദ്യയിലൂടെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനൊപ്പം ചികിത്സാ ചെലവ് വലിയ തോതില്‍ കുറയുമെന്നും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ വിശദമാക്കുന്നു.

click me!