
ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നമ്മള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന പ്രചരണമാണ്, ഗോമൂത്രമാണ് വൈറസിനെ നേരിടാന്‍ പറ്റിയ മരുന്ന് എന്നത്. തികച്ചും അശാസ്ത്രീയവും അപകടകരവുമായ പ്രചരണമാണ് ഇതെന്ന വാദവുമായി ആരോഗ്യരംഗത്തെ പ്രമുഖര്‍ പലതവണ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ജനപ്രതിനിധികളും സംഘടനകളുമടക്കം പലരും ഈ പ്രചരണവുമായി മുന്നോട്ടുപോയത് നമ്മള്‍ കണ്ടു. അസമില്‍ ബിജെപി എംഎല്‍എയായ സുമന്‍ ഹരിപ്രിയ, ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം, കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഹിന്ദുമഹാസഭ 'ഗോമൂത്ര സല്‍ക്കാരം' നടത്തിയിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക വിദഗ്ധനുമായ പ്രൊഫസര്‍ സ്റ്റീവ് ഹാങ്കേ ഈ പ്രചാരണത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഗോമൂത്രത്തിനെതിരെ മാത്രമല്ല ഹോമിയോപ്പതിക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
ഇത്രമാത്രം ജനസംഖ്യയുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് 113 കേസുകളേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് പറയുന്നത് വിശ്വസീനയമല്ലെന്നും പരിശോധന വ്യാപകമാകാത്തത് മൂലമാണ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്നും സ്റ്റീവ് ഹാങ്കേ ട്വിറ്ററിലൂടെ നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മോദിയും ബിജെപി നേതാക്കളും ഹോമിയോപ്പതി- ഗോമൂത്രം പോലുള്ള അശാസ്ത്രീയ ചികിത്സാരീതികള്‍ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കൊറോണയെ നേരിടാന്‍ ഇന്ത്യ എത്രമാത്രം തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം പങ്കുവച്ചുകൊണ്ടാണ് സ്റ്റീവ് ഹാങ്കേ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam