നിര്‍ത്താതെയുള്ള തുമ്മലും ചുമയും; ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

By Web TeamFirst Published Jul 15, 2020, 10:37 AM IST
Highlights

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആസ്തമ പോലുള്ള രോഗമുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. 

ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നല്ലൊരു വിഭാഗം ശ്വാസകോശസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. 

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലം ആയതുകൊണ്ടുതന്നെ തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാണ്. തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. 

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്...

വായു മലിനീകരണം ഒരു വ്യക്തിയുടെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാം. ശുദ്ധമായ വായു ശ്വസിക്കല്‍ പ്രധാനമാണ്. ഇന്ന് നമ്മള്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. ഈ സമയത്ത് വീടിനുള്ളിലെ ജനാലകള്‍ തുറന്നിടാം. ഇതുവഴി  ശുദ്ധമായ വായു ശ്വസിക്കാം. ഇത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഒപ്പം തണുപ്പ് അധികം അടിക്കാതെയും ശ്രദ്ധിക്കേണ്ടതുണ്ട്. 

രണ്ട്...

ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. പ്രാണായാമം ശീലിക്കുന്നത് നല്ലതാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഇത് സഹായിക്കും. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്.

മൂന്ന്...

ഈ മണ്‍സൂണ്‍ കാലത്ത് ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാം.  ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

നാല്...

പുകവലി ഒഴിവാക്കുക. നാല്‍പ്പത് വയസില്‍ കൂടുതലുള്ള പുകവലിക്കാരില്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി)
ഉണ്ടാകാനുള്ള സാധ്യത ഏറേയാണ്. തുടര്‍ച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

അഞ്ച്...

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കൂടുന്നത് ലങ് കപ്പാസിറ്റി കൂട്ടുകയും കൂടുതൽ സമയം വ്യായാമം ചെയ്യാൻ സാധിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിൽ നിന്നും, ഒപ്പം മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ് തുടങ്ങിയ ചില ഭക്ഷണ പദാർത്ഥങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. ഇതോടൊപ്പം വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

Also Read: ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ ഈ കാര്യങ്ങള്‍ ചെയ്തോളൂ...

click me!