മുടി നരയ്ക്കാനുള്ള ഒരു പ്രധാന കാരണം ഇതാകാം...

By Web TeamFirst Published Jan 23, 2020, 9:13 PM IST
Highlights

ചിലരിലെങ്കിലും വളരെ നേരത്തേ മുതല്‍ തലമുടി നരയ്ക്കുന്ന പ്രശ്‌നം കാണാറുണ്ട്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. എന്നാല്‍ ഇക്കൂട്ടത്തില്‍ അത്രമാത്രം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാരണമുണ്ട്. അതെക്കുറിച്ചാണ് ഇനി പറയുന്നത്
 

പ്രായമാകുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങളിലൊന്നാണ് തലമുടി നരയ്ക്കുന്നത്. നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ ചിലരിലെങ്കിലും വളരെ നേരത്തേ മുതല്‍ തലമുടി നരയ്ക്കുന്ന പ്രശ്‌നം കാണാറുണ്ട്. 

പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. എന്നാല്‍ ഇക്കൂട്ടത്തില്‍ അത്രമാത്രം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാരണമുണ്ട്. അതെക്കുറിച്ചാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല 'സ്‌ട്രെസ്' എന്ന വില്ലനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

'സ്‌ട്രെസ്' നമുക്കറിയാം ഒരുപിടി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. അതിനിടെ എങ്ങനെയാണ് 'സ്‌ട്രെസ്' തലമുടിയെ നരപ്പിക്കുന്നത് എന്നറിയാമോ? ഈ വിഷയത്തില്‍ നിരവധി പഠനങ്ങളാണ് പലപ്പോഴായി നടന്നിട്ടുള്ളത്. 

യുഎസിലെ 'ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയൊരു പഠനം അവകാശപ്പെടുന്നത്, 'സ്‌ട്രെസ്' ഉണ്ടാകുമ്പോള്‍ 'സിമ്പതെറ്റിക് നെര്‍വ്‌സ്' എന്ന നെര്‍വുകള്‍ ഒരിനം കെമിക്കല്‍ ഉത്പാദിപ്പിക്കുമത്രേ. തലയിലെ രോമകൂപങ്ങളിലുള്ള മുടിക്ക് നിറം നല്‍കാന്‍ സഹായിക്കുന്ന കോശങ്ങളെ ഈ കെമിക്കല്‍ നശിപ്പിക്കുന്നു. അതോടെയാണ് മുടി നരയ്ക്കാന്‍ തുടങ്ങുന്നതെന്ന്. 

'സ്‌ട്രെസ്' മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് തലമുടി നരയ്ക്കാന്‍ കാരണമാകുന്നതെന്നായിരുന്നു ആദ്യം ഗവേഷകര്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ പല ഘട്ടങ്ങളിലായി നടത്തിയ ഗവേഷണം പിന്നിട്ടതോടെയാണ് 'സിമ്പതെറ്റിക് നെര്‍വി'ല്‍ നിന്നുണ്ടാകുന്ന കെമിക്കലിലേക്ക് ഇവരെത്തിയത്. 

click me!