
കൊവിഡ് 19 രോഗവുമായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. എന്നാല്‍ കൊവിഡ് സംബന്ധിച്ച ആശങ്കയോ ഭയമോ എല്ലാം മിക്കവരില്‍ നിന്നും അകന്ന മട്ടാണ് നിലവിലുള്ളത്. എങ്കില്‍പോലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ശക്തമായ കൊവിഡം തരംഗങ്ങള്‍ സൃഷ്ടിക്കാമെന്ന് തന്നെയാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് നിലവിലും തീവ്രതയോടെ ബാധിക്കപ്പെടുന്നവരുണ്ട്, കൊവിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജീവൻ നഷ്ടമാകുന്നവരുണ്ട്. ഇക്കാര്യങ്ങളൊന്നും പക്ഷേ വേണ്ടവിധം ഇപ്പോള്‍ കണക്കിലെടുക്കപ്പെടുന്നില്ല എന്നതാണ് സത്യം.
തീവ്രതയേറിയ രീതിയില്‍ കൂടുതല്‍ പേരില്‍ കൊവിഡ് വന്നുകഴിഞ്ഞാല്‍ അത് തീര്‍ച്ചയായും വീണ്ടുമൊരു ശക്തമായ തരംഗം തന്നെയായി മാറിയേക്കും.
പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് പ്രകാരം കൊവിഡ് മൃതദേഹങ്ങളിലൂടെ എളുപ്പത്തില്‍ മറ്റുള്ളവരിലേക്കും മൃഗങ്ങളിലേക്കുമെല്ലാം പകരുന്നുണ്ട്. ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ളതിനെക്കാള്‍ എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് പകരുമെന്ന് കൂടി ഈ പഠനം പറയുന്നു.
ജപ്പാനിലെ ഷിബ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഹിസാകോ സയ്ത്തോ എന്ന ഗവേഷകന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വൈറസ് ബാധയേറ്റ് മരിച്ച ശേഷം മനുഷ്യശരീരങ്ങളില്‍ നടക്കുന്ന മാറ്റത്തെ കുറിച്ചാണ് ഇവര്‍ പ്രധാനമായും പഠിച്ചിരിക്കുന്നത്. മരിച്ച ശേഷം രണ്ടാഴ്ചയോളം വരെയും എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് വൈറസ് പുറത്തെത്തുകയും മറ്റുള്ള ജീവികളിലേക്ക് പകരുകയും ചെയ്യുന്നതായി ഇവര്‍ കണ്ടെത്തി.
എല്ലാ മൃതദേഹങ്ങളില്‍ നിന്നും ഒരുപോലെ ഇത്തരത്തില്‍ രോഗബാധയുണ്ടാവുകയില്ലെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അധികവും മൃതദേഹവുമായി അടുത്തിടപഴകുന്നവരിലാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്.മരിച്ചയാളുടെ ബന്ധുക്കള്‍, ഓട്ടോപ്സി ചെയ്യുന്ന ഡോക്ടര്‍, ഇവരുടെ സഹായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാമാണ് പ്രധാനമായും ഇരകളായി വന്നേക്കുക.
കൊവിഡ് ബാധയോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള വൈറസ് ബാധയോ ഏറ്റ് മരിക്കുന്ന രോഗിയുടെ ശരീരം സുരക്ഷിതമായി എംബാം ചെയ്യും. എന്നാല്‍ മൃതദേഹം കുളിപ്പിക്കുക- വസ്ത്രം മാറുക തുടങ്ങി ആചാരങ്ങളുടെ ഭാഗമായുള്ള പല കാര്യങ്ങളിലും രോഗബാധയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി പഠനം കണ്ടെത്തുന്നു.
Also Read:- കുട്ടികളിലെ അഞ്ചാംപനി വില്ലനാകുന്നത് എപ്പോള്‍?; മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam