കൊവിഡ് 19 മൂന്നാം തരംഗം; വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിന കേസ് 6 ലക്ഷമാകുമെന്ന് പഠനം

By Web TeamFirst Published Aug 24, 2021, 10:01 AM IST
Highlights

ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യം, ഐസിയു കിടക്കകളുടെ കുറവ്, വാക്‌സിനേഷന്‍ കുറവ്, ഓക്‌സിജന്‍ ക്ഷാമം എന്നിവയെല്ലാം രണ്ടാം തരംഗത്തെ രൂക്ഷമാക്കി. ഇക്കൂട്ടത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസായ 'ഡെല്‍റ്റ' രോഗവ്യാപനത്തിന്റെ തോത് കുത്തനെ ഉയര്‍ത്തുകയും ചെയ്തു

കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം അടുത്ത ആഴ്ചകളില്‍ തന്നെ രാജ്യത്ത് തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ ഏറെ ആശങ്കപ്പെടുത്തുന്നൊരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്' (എന്‍ഐഡിഎം) കേന്ദ്രസര്‍ക്കാരിന് കീഴില്‍ തന്നെയാണ് എന്‍ഐഡിഎം പ്രവര്‍ത്തിക്കുന്നത്. 

വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കൊവിഡ് കേസുകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് എന്‍ഐഡിഎം നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന് മാത്രമേ വാക്‌സിന്‍ ലഭ്യമായിട്ടുള്ളൂ. ഇത് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്. 

ദിവസത്തില്‍ ഒരു കോടി പേര്‍ക്കെങ്കിലും വാക്‌സിനെത്തിക്കുന്ന രീതിയിലേക്ക് ഇനിയുള്ള ദിവസങ്ങളില്‍ നീങ്ങാന്‍ സാധിച്ചാല്‍ ആറ് ലക്ഷം കൊവിഡ് കേസുകള്‍ എന്നതില്‍ നിന്ന് രണ്ട് ലക്ഷം കേസുകളെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നും എന്‍ഐഡിഎം അറിയിക്കുന്നു. 

കൂടുതല്‍ ആശുപത്രി കിടക്കകള്‍ സജ്ജീകരിക്കുന്നതും ആരോഗ്യപരമായി മോശം നിലയില്‍ തുടരുന്ന, ഇനിയും വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനെത്തിക്കുകയും ചെയ്യുന്നതിലൂടെ രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗത്തില്‍ പ്രതിസന്ധികള്‍ കുറയ്ക്കാമെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. 

രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗമെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. രണ്ടാം തരംഗത്തില്‍ ആരോഗ്യമേഖലയില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നുവെന്നതാണ് പ്രതിസന്ധികളെ രൂക്ഷമാക്കിയത്. 

ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യം, ഐസിയു കിടക്കകളുടെ കുറവ്, വാക്‌സിനേഷന്‍ കുറവ്, ഓക്‌സിജന്‍ ക്ഷാമം എന്നിവയെല്ലാം രണ്ടാം തരംഗത്തെ രൂക്ഷമാക്കി. ഇക്കൂട്ടത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസായ 'ഡെല്‍റ്റ' രോഗവ്യാപനത്തിന്റെ തോത് കുത്തനെ ഉയര്‍ത്തുകയും ചെയ്തു.

Also Read:- കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിലുണ്ടാകുമെന്ന് റിപ്പോർട്ട്

click me!