ദാഹിച്ചാലുടന്‍ വാങ്ങിക്കുടിക്കുന്നത് ഇതാണോ? ഹൃദയത്തിന് പണി വാങ്ങാതെ നോക്കണേ...

By Web TeamFirst Published Mar 1, 2020, 9:12 PM IST
Highlights

വ്യത്യസ്തമായ രൂപത്തിലും രുചികളിലുമെല്ലാം ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ സുലഭമാണ്. പരസ്യങ്ങളിലൂടെ ഇതിലേക്ക് നമ്മള്‍ എളുപ്പത്തില്‍ ആകൃഷ്ടരാകും. പിന്നീട് രുചി പിടിക്കുന്നതോടെ പതിയെ ഇത് പതിവും ആകും. എന്നാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാന്‍ ഈ ശീലം കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമെല്ലാം ഇങ്ങനെയുള്ള പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നതായി കേട്ടിട്ടില്ലേ?
 

വേനല്‍ക്കാലത്തിന്റെ ഉഷ്ണത്തിലേക്ക് കടക്കുകയാണ് കേരളം. പുറത്തെ ചൂട് അസഹനീയമാകുമ്പോള്‍ തണുത്തതെങ്കിലും കുടിക്കാമെന്ന പരിഹാരത്തിലേക്കാണ് മിക്കവാറും പേരും എത്തുക. ഇത് തന്നെ അധികവും 'കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ്', 'സോഫ്റ്റ് ഡ്രിംഗ്‌സ്' എന്നിവയാണ് ആളുകള്‍ ദാഹശമനത്തിനായി തെരഞ്ഞെടുക്കുന്നത്. 

വ്യത്യസ്തമായ രൂപത്തിലും രുചികളിലുമെല്ലാം ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ സുലഭമാണ്. പരസ്യങ്ങളിലൂടെ ഇതിലേക്ക് നമ്മള്‍ എളുപ്പത്തില്‍ ആകൃഷ്ടരാകും. പിന്നീട് രുചി പിടിക്കുന്നതോടെ പതിയെ ഇത് പതിവും ആകും. എന്നാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാന്‍ ഈ ശീലം കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ?

പലപ്പോഴും ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമെല്ലാം ഇങ്ങനെയുള്ള പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നതായി കേട്ടിട്ടില്ലേ? പല കാരണങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലുള്ളത്. അതിലൊരു കാരണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

'സോഫ്റ്റ് ഡ്രിംഗ്‌സ്', 'കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ്' എന്നിവയിലെല്ലാം ധാരാളമായി കൃത്രിമമധുരം അടങ്ങിയിട്ടുണ്ട്. ഈ കൃത്രിമമധുരം ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നിങ്ങളെയെത്തിക്കുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'ജേണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. 

ഒരു ദിവസത്തില്‍ തന്നെ 12 ഔണ്‍സിലധികം ഇത്തരം പാനീയങ്ങളിലേതെങ്കിലും കഴിച്ചാല്‍ അത് ഹൃദയത്തെ അപകടപ്പെടുത്തുന്നതിലേക്കുള്ള സാധ്യതകള്‍ തുറന്നിടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിലാണ് പാനീയങ്ങളില്‍ നിന്നുള്ള 'ഷുഗര്‍' പ്രവര്‍ത്തിക്കുകയത്രേ. ഇതാണ് പിന്നീട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അതിനാല്‍ത്തന്നെ, ഇത്തരം പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുകയോ അല്ലെങ്കില്‍ ഇവയുടെ അളവ് നല്ലത് പോലെ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സാരം. ദാഹം ശമിക്കാന്‍ വെള്ളം കുടിക്കുകയോ, അതല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത വെള്ളം കുടിക്കുകയോ ചെയ്യാം. ഇതുപോലുള്ള ഉത്പന്നങ്ങള്‍ എപ്പോഴും കയ്യകലത്തില്‍ നിര്‍ത്തുന്നത് തന്നെയാണ് ഉചിതം.

click me!