മരുന്നിന് പകരം 10 മിനുറ്റ് പാര്‍ക്കില്‍ ചിലവിടാന്‍ ഡോക്ടര്‍ പറഞ്ഞാലോ?

By Web TeamFirst Published Mar 1, 2020, 8:42 PM IST
Highlights

മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രകൃതിയോട് ഇണങ്ങിജീവിക്കുന്നത് വളരെയധികം ആവശ്യമാണ്. ഇനിയുള്ള കാലത്ത് ഇതിന്റെ പ്രാധാന്യം കൂടിവരികയേ ഉള്ളൂ, കാരണം അത്രമാത്രം മനുഷ്യന്‍ പ്രകൃതിയോട് മുഖം തിരിച്ചുനില്‍ക്കുകയും അതിന്റെ ഭാഗമായി പല പ്രതിസന്ധികളും നേരിടുകയും ചെയ്യുന്ന കാലമാണിത്

പ്രകൃതിയില്‍ നിന്ന് പിണങ്ങിമാറിയൊരു ജീവിതം മനുഷ്യനില്ല. ഏതെങ്കിലും തരത്തില്‍ എപ്പോഴും പ്രകൃതിയെ ആശ്രയിച്ചോ, അതിനോട് അടുത്തുനിന്നോ മാത്രമേ മനുഷ്യന് മുന്നോട്ട് പോകാന്‍ നിവൃത്തിയുള്ളൂ. ഇത് ജൈവികമായി മനുഷ്യനുള്‍പ്പെടെയുള്ള ഏത് ജീവിവര്‍ഗത്തിന്റേയും ഒരാവശ്യം തന്നെയാണ്. ഈ ആവശ്യത്തിന് പിന്നില്‍ പല കാരണങ്ങളും കാണും. 

അതിലൊരു കാരണമാണ് ആരോഗ്യം. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രകൃതിയോട് ഇണങ്ങിജീവിക്കുന്നത് വളരെയധികം ആവശ്യമാണ്. ഇനിയുള്ള കാലത്ത് ഇതിന്റെ പ്രാധാന്യം കൂടിവരികയേ ഉള്ളൂ, കാരണം അത്രമാത്രം മനുഷ്യന്‍ പ്രകൃതിയോട് മുഖം തിരിച്ചുനില്‍ക്കുകയും അതിന്റെ ഭാഗമായി പല പ്രതിസന്ധികളും നേരിടുകയും ചെയ്യുന്ന കാലമാണിത്. 

ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു പഠനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 'ഫ്രന്റിയേഴ്‌സ് ഇന്‍ സൈക്കോളജി' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. അതായത്, പത്ത് മിനുറ്റെങ്കിലും പ്രകൃതിയോട് അടുത്തിടപഴകാന്‍ മനുഷ്യന്‍ സമയം കണ്ടെത്തുന്നതിലൂടെ പല മാനസികപ്രശ്‌നങ്ങള്‍ക്കും ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്നും ഇതുവഴി ശാരീരികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. 

സ്‌ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പരിശീലിക്കണമെന്നും അതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുമെല്ലാം കഴിയുമെന്നും പഠനം നിര്‍ദേശിക്കുന്നു. പലപ്പോഴും മാനസികമായ പ്രശ്‌നങ്ങളെ ശരീരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് വിലയിരുത്തുന്ന പ്രവണതയാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും മനസ്- ശരീരത്തിനോട് ചേര്‍ത്ത് തന്നെ കണക്കാക്കേണ്ട ഒന്നാണെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. 

വിഷാദം, കടുത്ത മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉത്കണ്ഠയെല്ലാം അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കാറുണ്ട്. എന്നാല്‍ ഭാവിയില്‍ ഒരു തെറാപ്പി എന്ന നിലയില്‍ പ്രകൃതിയോട് അടുത്തിടപഴകാന്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്ന കാലം വരുമെന്നും ഗവേഷകര്‍ പറയുന്നു.

click me!