'ലേശം അടിക്കുന്ന' മദ്യപാനികള്‍ അറിയാന്‍; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം

By Web TeamFirst Published Oct 17, 2019, 7:56 PM IST
Highlights

മദ്യപാനത്തിന്റെ ദോഷവശങ്ങളെല്ലാം മനസിലാക്കിയിട്ടും അതില്‍ അഭയം പ്രാപിക്കുന്നവരാണേറെയും. ഇതില്‍ത്തന്നെ ചിലരുണ്ട്... 'ഞാന്‍ ലേശം, ഒരു പേരിനേ കഴിക്കാറുള്ളൂ...', അല്ലെങ്കില്‍ 'ഞാനങ്ങനെ നിലവിട്ട് കുടിക്കാറൊന്നുമില്ല...' എന്നെല്ലാം ജാമ്യമെടുക്കുന്നവര്‍. എന്നാല്‍ ഈ 'ലേശം അടിക്കുന്നവര്‍'ഉം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടില്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്
 

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന ജാഗ്രതാനിര്‍ദേശം ഇപ്പോള്‍ പരസ്യവാചകമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യപാനത്തിന്റെ ദോഷവശങ്ങളെല്ലാം മനസിലാക്കിയിട്ടും അതില്‍ അഭയം പ്രാപിക്കുന്നവരാണേറെയും. ഇതില്‍ത്തന്നെ ചിലരുണ്ട്... 'ഞാന്‍ ലേശം, ഒരു പേരിനേ കഴിക്കാറുള്ളൂ...', അല്ലെങ്കില്‍ 'ഞാനങ്ങനെ നിലവിട്ട് കുടിക്കാറൊന്നുമില്ല...' എന്നെല്ലാം ജാമ്യമെടുക്കുന്നവര്‍. 

എന്നാല്‍ ഈ 'ലേശം അടിക്കുന്നവര്‍'ഉം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടില്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. സൗത്ത് കൊറിയയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

ഒറ്റയടിക്ക് ധാരാളം മദ്യം അകത്താക്കുന്നവര്‍ക്കൊപ്പം തന്നെ, ഇടയ്ക്കിടെ അല്‍പം മദ്യം കഴിക്കുന്നവരിലും ഹൃദയസംബന്ധമായ ഒരസുഖം കാണാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'ഏട്രിയല്‍ ഫൈബ്രില്ലേഷന്‍' എന്ന അസുഖമാണത്രേ ഇത്. ഹൃദയസ്പന്ദനത്തില്‍ വരുന്ന വ്യതിയാനമാണ് ഈ രോഗത്തിന്റെ പ്രധാന സ്വഭാവം.

2009 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മദ്യപാനികളായ നിരവധി പേരില്‍ വന്ന മാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനനിഗമനങ്ങളിലെത്തിയിരിക്കുന്നത്. 'ഏട്രിയല്‍ ഫൈബ്രില്ലേഷന്‍' എന്നത് ആദ്യഘട്ടങ്ങളിലൊന്നും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരസുഖമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുകയും, സമയത്ത് ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ അപകടമാണെന്നും ഇവര്‍ പറയുന്നു. 

സാധാരണഗതിയില്‍ സ്‌ട്രോക്ക് (പക്ഷാഘാതം) വരാനുള്ള സാധ്യതയെ അഞ്ച് മടങ്ങോളം ഇരട്ടിപ്പിക്കുമത്രേ 'ഏട്രിയല്‍ ഫൈബ്രില്ലേഷന്‍'. ഇടയ്ക്കിടെ ശ്വാസതടസമുണ്ടാവുക, നെഞ്ചുവേദന അനുഭവപ്പെടുക, ക്ഷീണവും തളര്‍ച്ചയും തോന്നുക, നെഞ്ചിടിപ്പ് അസാധാരണമായി കൂടുക, പള്‍സ് വ്യത്യാസപ്പെടുക- എന്നതെല്ലാം 'ഏട്രിയല്‍ ഫൈബ്രില്ലേഷ'ന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നതാണ്. 

ഈ ലക്ഷണങ്ങള്‍ എപ്പോഴും 'ഏട്രിയല്‍ ഫൈബ്രില്ലേഷന്‍' എന്ന രോഗത്തിന്റെ തന്നെയാകണമെന്നില്ല. അങ്ങനെയാണെങ്കില്‍ കൂടി ഹൃദയസംബന്ധമായ എന്തെങ്കിലും അസുഖങ്ങളുടെ ലക്ഷണമാകാം ഇത്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്ന പക്ഷം വൈകാതെ തന്നെ ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഒപ്പം മദ്യപാനത്തെ പൂര്‍ണ്ണമായി അകറ്റിനിര്‍ത്തുന്നതിനുള്ള ചികിത്സകളും തേടേണ്ടിവരും. 

click me!