കൗമാരക്കാരായ ആൺമക്കള്‍ ഉണ്ടോ? എങ്കില്‍ അവര്‍ക്ക് വേണ്ടി നിങ്ങള്‍ അറിയേണ്ടത്...

By Web TeamFirst Published Jan 1, 2020, 8:35 PM IST
Highlights

കാമുകിയോടോ, ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയോടോ വാക്കുകള്‍ കൊണ്ടോ അല്ലാതെയോ മോശമായി പെരുമാറുന്ന വലിയ വിഭാഗം ആണ്‍കുട്ടികള്‍ ഇന്നും ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി ഇടപെടുന്നവര്‍ സ്വാഭാവികമായും മറ്റുള്ളവരോടും ഇതേ മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്നതായും പഠനം ചൂണ്ടിക്കാട്ടി

സാമൂഹികമായും വൈകാരികമായും ഏറെ ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും നേരിടുന്ന പ്രായമാണ് കൗമാരം. ഒരു കുട്ടി എന്ന നിലയില്‍ നിന്ന് വ്യക്തി എന്ന നിലയിലേക്ക് ഒരാള്‍ രൂപപ്പെടുന്ന നിര്‍ണായകഘട്ടം. ഈ ഘട്ടത്തില്‍ കൃത്യമായ ശിക്ഷണം ലഭിച്ചില്ലെങ്കില്‍ ഏത് ദിശയിലേക്കും വ്യതിചലിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ എന്നെന്നേക്കുമായി നമ്മുടെ കയ്യില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയുണ്ടായേക്കാം.

പലപ്പോഴും കൗമാരക്കാരിലുണ്ടാകുന്ന ഇത്തരം വ്യതിചലനങ്ങളെ രേഖപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെന്നതാണ് ഖേദകരമായ സംഗതി. അവര്‍ മറ്റൊരാളായി രൂപപ്പെടുന്ന ഘട്ടങ്ങളിലെല്ലാം അവരെ മനസിലാകാതെ അവരെ തിരുത്താതെ, പിന്നീട് എപ്പോഴെങ്കിലും അത് തിരിച്ചറിയേണ്ടി വരുന്നതാണ് ദുരവസ്ഥ.

യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന പുതിയൊരു പഠനം പറയുന്നത് കേള്‍ക്കൂ. കൗമാരക്കാരായ മക്കള്‍ക്ക് എന്തുകൊണ്ട് നിങ്ങള്‍ ലിംഗനീതിയെപ്പറ്റി മനസിലാക്കിക്കൊടുക്കണം എന്ന് ഈ പഠനം പറയുന്നു. പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്‍പ്പെടെയുള്ള ഗവേഷകരാണ് വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരക്കാരായ ആണ്‍കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പഠനം നടത്തിയത്.

സ്ത്രീക്കും പുരുഷനും കുടുംബത്തിലും സമൂഹത്തിലുമെല്ലാം തുല്യമായ അവകാശവും സ്ഥാനവും ഉണ്ടെന്ന ബോധ്യത്തില്‍ കുട്ടികളെ വളര്‍ത്തിയില്ലെങ്കില്‍ അവരില്‍ അക്രമവാസന കൂടുമെന്നാണ് ഈ പഠനം പറയുന്നത്. സ്‌കൂള്‍, വായനശാലകള്‍, പള്ളികള്‍, മറ്റ് സംഘടനകള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ച് 13 മുതല്‍ 19 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളില്‍ നടത്തിയ വിശദമായ സര്‍വേ ആണ് ഈ നിഗമനത്തിലേക്ക് തങ്ങളെയെത്തിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

കാമുകിയോടോ, ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയോടോ വാക്കുകള്‍ കൊണ്ടോ അല്ലാതെയോ മോശമായി പെരുമാറുന്ന വലിയ വിഭാഗം ആണ്‍കുട്ടികള്‍ ഇന്നും ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി ഇടപെടുന്നവര്‍ സ്വാഭാവികമായും മറ്റുള്ളവരോടും ഇതേ മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്നതായും പഠനം ചൂണ്ടിക്കാട്ടി. പൊതുവില്‍ ഇത്തരക്കാരിലെ അക്രമവാസന വളരെ ഉയര്‍ന്ന അളവിലുള്ളതാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

നേരെ മറിച്ച്, വീട്ടില്‍ വച്ച് തന്നെ ആണ്‍-പെണ്‍ തുല്യതയെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍ ലഭിച്ചിട്ടുള്ള ആണ്‍കുട്ടികളില്‍ പൊതുവിലുള്ള അക്രമവാസനയും സ്ത്രീകളോടുള്ള മോശം ഇടപെടലും കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

പൗരുഷത്തെക്കുറിച്ച് സമൂഹം ഉണ്ടാക്കിയെടുത്തിട്ടുള്ള കാഴ്ചപ്പാട് വികലമാണെന്നും ഇത് അന്ധമായി അനുകരിക്കുകയും ലിംഗനീതിയില്‍ വിശ്വസിക്കാതിരിക്കുന്നതും ആണ്‍കുട്ടികളില്‍ വലിയ തോതില്‍ അനാരോഗ്യകരമായ  മാനസികാവസ്ഥയ്ക്ക് ഇടയാക്കുന്നതായി പഠനം പറയുന്നു. വീട്ടില്‍ വച്ച് തന്നെയാണ് ഇത്തരം പ്രവണതകള്‍ക്ക് ആദ്യത്തെ തിരിച്ചടി ഉണ്ടാകേണ്ടതെന്നും അതിന് മാതാപിതാക്കള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടതെന്നും പഠനം നിര്‍ദേശിക്കുന്നു.

click me!