
കൊവിഡ് 19 മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് വാക്‌സിന്‍. എന്നാല്‍ ചില അസുഖങ്ങളുള്ളവര്‍ക്കും പ്രത്യേക ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കുമെല്ലാം വാക്‌സിന്‍ സ്വീകരിക്കാമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുന്നുണ്ട്.
ഏതായാലും ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് 'യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി'യുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പുറത്തുവന്നിരിക്കുന്നത്.
ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാമോ, അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എത്രമാത്രം ഫലപ്രദമായിരിക്കും വാക്‌സിന്‍ എന്നീ കാര്യങ്ങളാണ് പഠനം വിലയിരുത്തിയിരിക്കുന്നത്. പഠനത്തിനായി ക്യാന്‍സര്‍ ബാധിതരായി വിവിധ രീതിയിലുള്ള ചികിത്സയിലൂടെ കടന്നുപോകുന്നവരെ തന്നെയാണ് തെരഞ്ഞെടുത്തത്.
ക്യാന്‍സര്‍ രോഗികളില്‍ (ചികിത്സയെടുക്കുന്നവരില്‍) പാര്‍ശ്വഫലങ്ങളേതുമില്ലാതെ കൊവിഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍. കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, കീമോ-ഇമ്മ്യൂണോ തെറാപ്പി എന്നിവയിലൂടെ കടന്നുപോകുന്ന രോഗികളിലെ പരീക്ഷണഫലമാണിത്.
മൊഡേണ വാക്‌സിന്‍ ആണ് പരീക്ഷണത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. തങ്ങളുടെ നിരീക്ഷണം ഇനിയുള്ള സമയം ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ അന്റോണിയോ പസാരോ പറഞ്ഞു.
മൊഡേണയ്ക്ക് ശേഷം ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചും ഗവേഷകര്‍ പഠനം ആവര്‍ത്തിച്ചുവത്രേ. അപ്പോഴും സമാനമായ നിരീക്ഷണങ്ങളില്‍ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും ഗവേഷകര്‍ അറിയിക്കുന്നു. എന്നാല്‍ മറ്റ് വാക്‌സിനുകളുടെ കാര്യം വരുമ്പോള്‍ ഇവയെല്ലാം എത്രത്തോളം മാറിമറിയുമെന്നതില്‍ വ്യക്തതയില്ല. എങ്കിലും ക്യാന്‍സര്‍ രോഗികളെ സംബന്ധിച്ച് നിലവിലുള്ള ആശങ്കയ്ക്ക് അല്‍പം അയവ് നല്‍കുന്ന പഠനറിപ്പോര്‍ട്ട് തന്നെയാണിതെന്ന് പറയാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona