Latest Videos

ഇന്ത്യക്കാരുടെ ഉയരം കുറഞ്ഞുവരുന്നതായി പുതിയ പഠനം

By Web TeamFirst Published Sep 28, 2021, 10:00 PM IST
Highlights

1998-99ലും 2005ലും നടത്തപ്പെട്ട സര്‍വേയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ ഉയരം വര്‍ധിക്കുകയാണെന്ന് ജെഎന്‍യുവിലെ 'സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' നടത്തിയ പഠനം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 2005-06 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇത് കുറഞ്ഞുവന്നുവെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്

ആളുകളുടെ ഉയരം ( Height ) സംബന്ധിച്ച് അടുത്ത കാലത്തായി പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ആഗോളതലത്തില്‍ ആളുകളുടെ ഉയരം കൂടിവരികയാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഉയരം കുറഞ്ഞുവരുന്നുവെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

'പ്ലസ് വണ്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുതിര്‍ന്ന പുരുഷന്മാരിലും സ്ത്രീകളും ഉയരക്കുറവ് കണ്ടെത്തിയതായി പഠനം പറയുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും ബാധിക്കപ്പെട്ടിട്ടുള്ളതത്രേ. 

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളുടെ ഉയരത്തില്‍ താരതമ്യേന വീണ്ടും കുറവ് കണ്ടെത്തിയതായും പഠനം രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഈ പ്രവണത കണ്ടെത്തപ്പെട്ടിരിക്കുന്നത്. പോഷകാഹാരക്കുറവ്, വൈറ്റമിന്‍ കുറവ് തുടങ്ങിയ ഘടകങ്ങളാകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

അതേസമയം സാമൂഹികമായി മുന്നിട്ടുനില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള സ്ത്രീകളില്‍ അത്രമാത്രം ഉയരക്കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. സാമ്പത്തിക സാഹചര്യം, സാമൂഹികമായ നിലനില്‍പ് എന്നിവയെല്ലാം വ്യക്തിയുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവാകുക കൂടിയാണ് പഠനം. 

1998-99ലും 2005ലും നടത്തപ്പെട്ട സര്‍വേയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ ഉയരം വര്‍ധിക്കുകയാണെന്ന് ജെഎന്‍യുവിലെ 'സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' നടത്തിയ പഠനം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 2005-06 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇത് കുറഞ്ഞുവന്നുവെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

Also Read:- 'കൊവിഡ് ശരാശരി ആയുര്‍ദൈര്‍ഘ്യം കുറച്ചു, വര്‍ഷങ്ങളെടുത്ത് ഉണ്ടായ മാറ്റങ്ങള്‍ തകര്‍ത്തു'

click me!