എപ്പോഴും ചിരിക്കുന്നവരെ കളിയാക്കേണ്ട; ചിരി കൊണ്ടും ഗുണമുണ്ട്...

Web Desk   | others
Published : Aug 19, 2020, 09:52 PM IST
എപ്പോഴും ചിരിക്കുന്നവരെ കളിയാക്കേണ്ട; ചിരി കൊണ്ടും ഗുണമുണ്ട്...

Synopsis

പ്രായഭേദമെന്യേ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ദിവസത്തില്‍ എട്ട് വ്യത്യസ്ത സമയങ്ങളില്‍ ഒരു മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സംഘാംഗങ്ങള്‍ക്ക് ഗവേഷകര്‍ ഓരോ ചോദ്യങ്ങള്‍ കൈമാറും. ആപ്പില്‍ നിന്ന് വരുന്ന ശബ്ദ സിഗ്നലിനെ തുടര്‍ന്നായിരിക്കും ചോദ്യം എത്തുക  

എത്ര ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ചിലരുണ്ട്. സാധാരണഗതിയില്‍ ഇത്തരക്കാരെ മറ്റുള്ളവര്‍ കളിയാക്കാറാണ് പതിവ്. എന്നാല്‍ ഇങ്ങനെ ഇടയ്ക്കിടെ സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്ക് അതുകൊണ്ട് ചില ഗുണങ്ങളുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

ഇത്തരക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളെ സ്വയം ലഘൂകരിച്ചെടുക്കാനും, അതുവഴി സമ്മര്‍ദ്ദങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരിക- മാനസിക വിഷമതകളെ എളുപ്പത്തില്‍ മറികടക്കാനും ആകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മനശാസ്ത്ര ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

പ്രായഭേദമെന്യേ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ദിവസത്തില്‍ എട്ട് വ്യത്യസ്ത സമയങ്ങളില്‍ ഒരു മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സംഘാംഗങ്ങള്‍ക്ക് ഗവേഷകര്‍ ഓരോ ചോദ്യങ്ങള്‍ കൈമാറും. 

ആപ്പില്‍ നിന്ന് വരുന്ന ശബ്ദ സിഗ്നലിനെ തുടര്‍ന്നായിരിക്കും ചോദ്യം എത്തുക. കഴിഞ്ഞ ചോദ്യോത്തര വേളയ്ക്ക് ശേഷം എത്ര തവണ ചിരിച്ചു, എന്തിനെല്ലാമാണ് ചിരിച്ചത്, പ്രത്യേകിച്ച് എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടോ, ശാരീരികമായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടോ എന്നുതുടങ്ങുന്ന ചോദ്യങ്ങളാണ് ഗവേഷകര്‍ നല്‍കുക. 

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ചിട്ട കാണില്ല. അതായത് ദിവസത്തില്‍ പല തവണകളിലായി എങ്ങനെയാണ് വ്യക്തി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഒരു രൂപരേഖ തയ്യാറാക്കലാണ് ഗവേഷകരുടെ ലക്ഷ്യം. ഇങ്ങനെ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇടയ്ക്കിടെ ചിരിക്കുന്നവരാണെങ്കില്‍ അവരില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ദീര്‍ഘമായ സാധ്യതകള്‍ കാണുന്നില്ലെന്നും, സമ്മര്‍ദ്ദം മൂലമുള്ള തലവേദന- ദഹനപ്രശ്‌നങ്ങള്‍ എന്നുതുടങ്ങുന്ന അസ്വസ്ഥതകള്‍ കുറവാണെന്നും പഠനം പറയുന്നു.

Also Read:- 'സൗഹൃദത്തില്‍ അസൂയ നല്ലതാണ്'; വിചിത്രമായ പഠനറിപ്പോര്‍ട്ട്...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്