
അമിതവണ്ണമുള്ളവരില്‍ ( Overweight ) ഒരു വിഭാഗം പേരില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. അമിതവണ്ണമുള്ള എല്ലാവരിലും ആരോഗ്യകാര്യങ്ങള്‍ ഇങ്ങനെയാകണമെന്നില്ല. എന്നാല്‍ അനാരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ കൊഴുപ്പ് ( Fat Deposit ) അടിയാനും അതുമൂലം പല തരത്തിലുള്ള അസുഖങ്ങളിലേക്കുമെത്താന്‍ ഒരു വിഭാഗം പേരില്‍ സാധ്യത കൂടുതല്‍ തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രത്യേകിച്ചും ചെറുപ്രായത്തില്‍ വണ്ണമില്ലാതെ, പെട്ടെന്ന് ഒരു സമയം മുതല്‍ തൂക്കം കൂടിയവരിലാണ് ഈ സാധ്യതകള്‍ അധികവും കാണുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ അമിതവണ്ണമുള്ള ഒരു വിഭാഗം പേരില്‍ മലാശയ സംബന്ധമായ ക്യാന്‍സറിനും സാധ്യത കാണുന്നുവെന്നാണ് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
അമിതവണ്ണമുള്ളവരില്‍ ചിലരില്‍ മലാശയത്തിലോ അനുബന്ധ ഭാഗങ്ങളിലോ അപകടകാരിയല്ലാത്ത മുഴയോ വളര്‍ച്ചയോ വന്നേക്കാമെന്നും ഇത് ഭാവിയില്‍ മലാശയ സംബന്ധമായ അര്‍ബദുത്തിലേക്ക് വഴിയൊരുക്കാമെന്നുമാണ് പഠനം പറയുന്നത്. 46 ശതമാനത്തോളമാണ് ഈ സാധ്യതയെന്നും പഠനം അവകാശപ്പെടുന്നു.
അമേരിക്കയില്‍ നിന്നുള്ള ഒന്നരലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് പഠനം നടന്നിരിക്കുന്നത്. ജീവിതരീതികള്‍ മുഖാന്തരം വണ്ണം കൂടിയവരാണ് ഇക്കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ ആരോഗ്യകരമായ ഡയറ്റിലൂടെയും വര്‍ക്കൗട്ടിലൂടെയും വണ്ണം കുറയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
ആഗോളതലത്തില്‍ തന്നെ അമിതവണ്ണം കാര്യമായ ഭീഷണിയായി ഉയരുകയാണ് എന്നത് ശ്രദ്ധേയമാണ്. അമിതവണ്ണം ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങളിലേക്ക് വരെ നയിക്കാവുന്ന 'ലൈഫ്‌സ്റ്റൈല്‍' പ്രശ്‌നമായാണ് ഇന്ന് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. അത്തരത്തിലുള്ള പഠനങ്ങളും ധാരാളമായി മുമ്പ് തന്നെ വന്നിട്ടുണ്ട്. ശരീരത്തില്‍ വന്നടിയുന്ന അധികരിച്ച കൊഴുപ്പാണ് അടിസ്ഥാനപരമായി ഇതിനെല്ലാം കാരണമാകുന്നത്.
Also Read:- ഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...