'ഹാര്‍ട്ട് അറ്റാക്ക്' മൂലം ഇന്ത്യയില്‍ ഇത്രയധികം മരണം സംഭവിക്കുന്നത് എങ്ങനെ? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്

By Web TeamFirst Published May 30, 2023, 9:56 PM IST
Highlights

ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം എത്തേണ്ട അവസ്ഥയാണ്. എന്ത് തരത്തിലുള്ള നെഞ്ചുവേദനയോ അല്ലെങ്കില്‍ തലകറക്കമോ ആകട്ടെ ഇവയെ നിസാരമാക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ പഠനം നടത്തുന്നത്.

'ഹാര്‍ട്ട് അറ്റാക്ക്' അഥവാ ഹൃദയാഘാതം എത്രമാത്രം പ്രാധാന്യമുള്ള ആരോഗ്യപ്രശ്നമാണ് എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭ്യമാക്കാനും, ആശുപത്രിയിലെത്തിക്കാനുമെല്ലാം വൈകുന്നത് മൂലം എത്രയോ പേരാണ് പ്രതിവര്‍ഷം മരണത്തിന് കീഴടങ്ങുന്നത്. ഇക്കാര്യം പലപ്പോഴും ആരോഗ്യവിദഗ്ധരും പല പഠനങ്ങളും തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഇപ്പോഴിതാ ഇന്ത്യയിലെ സാഹചര്യം വ്യക്തമാക്കുകയാണ് 'ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്' (എയിംസ്) സംഘടിപ്പിച്ച ഒരു പഠനം. ഐസിഎംആര്‍ ( ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഫണ്ടിംഗ് നടത്തിയ പഠനത്തിന്‍റെ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതും നമ്മെ ചിന്തിപ്പിക്കുന്നതുമാണ്. 

ഹൃദയാഘാതം സംഭവിക്കുന്നവരില്‍ 10 ശതമാനം പേര്‍ മാത്രമാണ് ഒരു മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ ഹെല്‍പിനായി എത്തുന്നത് എന്നാണ് പഠനം പറയുന്നത്. അതായത് ഹൃദയാഘാതമുണ്ടാകുമ്പോള്‍ ആദ്യ മണിക്കൂര്‍ എന്ന് പറയുന്നത് വളരെ വളരെ പ്രധാനപ്പെട്ട സമയമാണ്. രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസരം പലപ്പോഴും ആദ്യമണിക്കൂറിനുള്ളില്‍ തന്നെ തീര്‍ന്നുപോകുന്നതാണ്. 

പഠനത്തിനായി തെരഞ്ഞെടുത്ത കേസുകളില്‍ ഏതാണ്ട് 55 ശതമാനം പേരും എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എന്നത് മനസിലാക്കാൻ കഴിയാതെ, ആ അവസ്ഥയുടെ ഗൗരവം മനസിലാക്കാതെ ആശപത്രിയിലെത്താൻ വൈകിയവരാണത്രേ. ഇവരില്‍ വലിയൊരു വിഭാഗം പേരും ആശുപത്രിയില്‍ പോകണോ വേണ്ടയോ എന്ന് ശങ്കിച്ചിരുന്നുവെന്നും പഠനം പറയുന്നു. 

20- 30 ശതമാനം പേര്‍ ആശുപത്രിയിലേക്ക് പോകാനുള്ള യാത്രാസൗകര്യമില്ലാതെയും സാമ്പകത്തികമായ ചുറ്റുപാടില്ലാതെയും കഷ്ടപ്പെട്ടവരാണ്. ഏതാണ്ട് പത്ത് ശതമാനത്തോളം പേര്‍ സമയത്തിന് ആശുപത്രിയിലെത്തിക്കപ്പെട്ടതിന് ശേഷവും ചികിത്സ വൈകി ലഭ്യമായവരാണ്- പഠനം പറയുന്നു.

ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം എത്തേണ്ട അവസ്ഥയാണ്. എന്ത് തരത്തിലുള്ള നെഞ്ചുവേദനയോ അല്ലെങ്കില്‍ തലകറക്കമോ ആകട്ടെ ഇവയെ നിസാരമാക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ പഠനം നടത്തുന്നത്. വലിയൊരു പാഠമായി ഈ പഠനറിപ്പോര്‍ട്ട് നമ്മുടെയെല്ലാം മനസില്‍ ഉണ്ടാകേണ്ടതുമുണ്ട്. 

Also Read:- പ്രോസ്റ്റേറ്റ് ക്യാൻസര്‍ പിടിപെടുന്നത് തടയാൻ ശ്രമിക്കാം; നിങ്ങള്‍ പതിവായി ചെയ്യേണ്ടത്...

 

click me!