പ്രായം അമ്പത് കഴിഞ്ഞോ? എന്നാല്‍ കേട്ടോളൂ, 'ഫ്രണ്ട്ഷിപ്പ് ഡേ' നിങ്ങളുടേതാണ്...

By Web TeamFirst Published Aug 4, 2019, 7:55 PM IST
Highlights

പ്രായമായവര്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും അവരെ 'പ്രായമായവര്‍' എന്ന രീതിയില്‍ തന്നെയാണ് നമ്മള്‍ പരിഗണിക്കുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ല

സാധാരണഗതിയില്‍ 'ഫ്രണ്ട്ഷിപ്പ് ഡേ' പോലുള്ള ആഘോഷങ്ങള്‍ ചെറുപ്പക്കാരുടേതാണ് എന്നാണ് വയ്പ്. എന്നാല്‍ കേട്ടോളൂ, ചെറുപ്പക്കാരെക്കാളും 'ഫ്രണ്ട്ഷിപ്പ് ഡേ' ആഘോഷിക്കേണ്ടത് അമ്പത് കടന്നവരാണത്രേ. എന്തുകൊണ്ടാണ് ഇത് പറയുന്നത് എന്നറിയാമോ? 

കാരണമുണ്ട്. അതായത്, അമ്പത് വയസ് കടന്നവരില്‍ മിക്കവാറും പല തരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രയാസങ്ങളും കണ്ടുവരാറുണ്ട്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെന്നാണ് നമ്മളിവയെ വിളിക്കാറ്. എന്നാല്‍ പലപ്പോഴും ഇത് നമ്മള്‍ തന്നെ കല്‍പിച്ച് ഉണ്ടാക്കുന്നതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ശരീരത്തിന് അതിന്റേതായ ചെറിയ അവശതകള്‍ വന്നുചേരുന്നത് സ്വാഭാവികമാണ്. എന്നാല്‍ മനസിന്റെ ആരോഗ്യം കൊണ്ട് വലിയ പരിധി വരെ ഈ അവശതകളെ പിടിച്ചുകെട്ടാനാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ പിടിച്ചുകെട്ടാനാകാത്ത ഒരു പ്രശ്‌നമായിട്ടാണ് നമ്മള്‍ വാര്‍ധക്യകാലത്ത് വരുന്ന മറവിരോഗത്തെ കാണുന്നത്. 

മറവിരോഗം പ്രായമായവരില്‍ മാത്രമല്ല കാണുന്നത്. പ്രായത്തിന്റെ പല ഘട്ടങ്ങളിലും ഇത് മനുഷ്യരെ പിടികൂടാറുണ്ട്. എന്നാല്‍ സാധാരണഗതിയില്‍ കൂടുതലായി കാണാറ് പ്രായമായവരിലാണെന്ന് മാത്രം. ഒരുപക്ഷേ, മരണത്തേക്കാള്‍ നമ്മള്‍ ഭയപ്പെടുന്ന ഒരു രോഗമാണ് മറവിരോഗം. അതുണ്ടാക്കുന്ന സാമൂഹികവും വൈകാരികവുമായ അവസ്ഥകളെ നമ്മള്‍ അത്രമാത്രം ഭയപ്പെടുന്നുണ്ട്. അമ്പത് കടന്ന ഓരോരുത്തരിലും ഇത്തരം ഭയത്തിന്റെ അവശേഷിപ്പുകള്‍ കാണാം. എന്നാല്‍ ഇത് മറികടക്കാന്‍ ജീവിതരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതിയെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

'പ്ലസ് വണ്‍ മെഡിസിന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് വന്നത്. അതായത്, അമ്പത് കടന്നാല്‍ സാമൂഹികമായ ജീവിതത്തെ ഒന്ന് പുതുക്കിപ്പണിയണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവിടുന്നത് പോലെ തന്നെ, പഴയതും പുതിയതുമായ സുഹൃത്തുക്കളെ കാണുക. അവരോട് സംസാരിക്കുക. അവരോടൊപ്പം പുറത്തുപോവുക എന്നിങ്ങനെയെല്ലാം. 

ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നവരില്‍ മറവിരോഗം അഥവാ 'ഡിമെന്‍ഷ്യ'ക്കുള്ള സാധ്യത ഗണ്യമായി കുറയുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. പതിനായിരത്തിലധികം പേരുടെ ജീവിതത്തെ ആസ്പദമാക്കി വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 

പ്രായമായവര്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും അവരെ 'പ്രായമായവര്‍' എന്ന രീതിയില്‍ തന്നെയാണ് നമ്മള്‍ പരിഗണിക്കുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ല. വര്‍ഷങ്ങള്‍ക്ക് പിറകിലുള്ള ഓര്‍മ്മകള്‍ അയവിറക്കുന്നത്, പലതരം ചര്‍ച്ചകള്‍ എന്നിവയെല്ലാം തലച്ചോറിനെ സുരക്ഷിതമാക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മറവിരോഗമെന്ന ഗുരുതരാവസ്ഥയെ മാത്രമല്ല, വാര്‍ധക്യകാല വിഷാദം, ശാരീരികാസ്വസ്ഥകള്‍ എന്നിവയെയെല്ലാം മറികടക്കാന്‍ സൗഹൃദം പ്രധാനമത്രേ. അപ്പോള്‍ പ്രായം അമ്പത് കടന്നവരാണെങ്കില്‍ ഇന്നുമുതല്‍ തന്നെ കൂട്ടുകൂടാന്‍ തുടങ്ങൂ. മറവിരോഗത്തെ മാത്രമല്ല, വാര്‍ധക്യകാലത്തെ മങ്ങിയതാക്കുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒത്തൊരുമിച്ച് തുരത്താം. 

click me!