
നമ്മുടെ ശരീരത്തില്‍ കാണുന്ന ഓരോ വ്യത്യാസത്തിനും പിന്നില്‍ അതിന്‍റേതായ കാരണങ്ങള്‍ ഉണ്ടായിരിക്കും. ഇവ നിസാരമാക്കി തള്ളിക്കളയാതെ സമയബന്ധിതമായി പരിഗണിച്ച്, പരിഹരിക്കാനാണ് ശ്രമം നടത്തേണ്ടത്.
ഇത്തരത്തില്‍ കാലിലോ പാദങ്ങളിലോ നീര് കാണപ്പെടുന്നതിന് പിന്നില്‍ വന്നേക്കാവുന്നൊരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാലിലോ പാദങ്ങളിലോ നീര് വരുന്നതിന് പിന്നില്‍ പല പ്രശ്നങ്ങളും ഘടകമായി വരാറുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണിത്.
മറ്റൊന്നുമല്ല- ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയായി ഇങ്ങനെ സംഭവിക്കാം. ഹൃദയത്തിന് ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും സാധാരണ പോലെ രക്തമെത്തിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ വരികയും ഇതോടെ ഹൃദയത്തിന് രക്തം കൈകാര്യം ചെയ്യാൻ കഴിയാതെ പല അവയവങ്ങളിലും രക്തം അടിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യാം. ഇതിനെ 'കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍' എന്നാണ് വിളിക്കുന്നത്. അല്‍പം സമയമെടുത്താണ് ഈ പ്രശ്നം പതിയെ വളര്‍ന്നുവരുന്നത്.
'കൺജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയറി'ല്‍ ഹൃദയത്തിന്‍റെ താഴെയുള്ള രണ്ട് അറകള്‍ക്കും രക്തം നേരാംവണ്ണം പമ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുകയാണ്. ഇങ്ങനെ വരുമ്പോള്‍ രക്തയോട്ടം മെല്ലെയാവുകയും രക്തം കാലുകളിലോ പാദങ്ങളിലോ ഉള്ള ഞരമ്പുകളില്‍ കെട്ടിക്കിടക്കുകയും ചെയ്യാം. ഇതാണ് നീരിലേക്ക് നയിക്കുന്നത്.
കാലില്‍ നീര് വന്ന് നിറഞ്ഞതായി രോഗിക്ക് തന്നെ സ്വയം തോന്നാം. ഇത് പ്രകടമാവുകയും ചെയ്യാം. അതായത് നീര് വന്ന് കാലോ പാദങ്ങളോ വീര്‍ത്തിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. ഈ ഭാഗങ്ങളില്‍ അമര്‍ത്തി നോക്കിയാല്‍ അമര്‍ത്തിയിടത്ത് കുഴിഞ്ഞുപോകുകയും ചെയ്യും. സോക്സോ പാന്‍റ്സോ ഒന്നും ഇറുക്കം കാരണം ധരിക്കാൻ കഴിയാത്ത അവസ്ഥ വരാം. സ്കിൻ ആകെ 'ടൈറ്റ്' ആയി മാറും. കാല്‍വണ്ണയുടെ ഭാഗമോ, വിരലുകളോ, പാദങ്ങളോ എല്ലാം വളയ്ക്കുന്നതിനും മറ്റ് രീതികളില്‍ ചലിപ്പിക്കുന്നതിനും പ്രയാസവും തോന്നാം.
ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡോക്ടറെ കണ്ട് ഹൃദയാരോഗ്യം ആദ്യം ഉറപ്പ് വരുത്തുന്നതാണ് നല്ലത്. ഇതിന് ശേഷം മറ്റ് രോഗങ്ങള്‍ക്കുള്ള പരിശോധന ആവശ്യമെങ്കില്‍ അതും ചെയ്യാം. കാരണം ഇത്തരം പ്രശ്നങ്ങള്‍ വേറെയും രോഗങ്ങളുടെ ഭാഗമായി വരാവുന്നതാണ്.
Also Read:- നാവില്‍ തടിപ്പും പുണ്ണും ഒപ്പം ദഹനപ്രശ്നങ്ങളും; കാരണം ഇതാകാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam