
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
രോഗ ലക്ഷണങ്ങള്‍:
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.
പ്രതിരോധ നടപടികള്‍:
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam