സന്ധിവാതം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് പരിശോധിക്കുക...

Published : Jun 19, 2023, 05:16 PM IST
 സന്ധിവാതം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്ന് പരിശോധിക്കുക...

Synopsis

വാതരോഗം നേരത്തെ കണ്ടെത്താൻ കഴിഞ്ഞാല്‍ അത് സങ്കീര്‍ണമാകുന്നതിന് മുമ്പ് തന്നെ ചികിത്സയെടുത്ത് തുടങ്ങാവുന്നതാണ്. എന്നാല്‍ പലപ്പോഴും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് രോഗികള്‍ ചികിത്സ തേടി ആശുപത്രിയിലെത്താറ്.

നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങളെ ബാധിക്കുന്ന, വ്യക്തിയെ ശാരീരികവും മാനസികവുമായി തളര്‍ത്തുന്ന അസുഖങ്ങളില്‍ പെടുന്നതാണ് സന്ധിവാതവും. അസഹ്യമായ വേദനയും, ചലനങ്ങള്‍ക്കുള്ള പരിമിതിയും മറ്റും സന്ധിവാതത്തിന്‍റെ പരിണിതഫലങ്ങളാണ്. വര്‍ഷങ്ങളോളം ഈ അവസ്ഥയില്‍ ജീവിക്കേണ്ട ഗതികേടിലുള്ള എത്രയോ വാതരോഗികളെ നമുക്ക് കാണാൻ സാധിക്കും. 

വാതരോഗം നേരത്തെ കണ്ടെത്താൻ കഴിഞ്ഞാല്‍ അത് സങ്കീര്‍ണമാകുന്നതിന് മുമ്പ് തന്നെ ചികിത്സയെടുത്ത് തുടങ്ങാവുന്നതാണ്. എന്നാല്‍ പലപ്പോഴും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് രോഗികള്‍ ചികിത്സ തേടി ആശുപത്രിയിലെത്താറ്. വാതരോഗം ചില ലക്ഷണങ്ങളിലൂടെ നേരത്തെ മനസിലാക്കാവുന്നതാണ്. ഇത്തരത്തില്‍ പരിശോധിക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വേദനയും അസ്വസ്ഥതയും...

സന്ധികളില്‍ എപ്പോഴും വേദന അനുഭവപ്പെടുന്നതാണ് വാതരോഗത്തിന്‍റെ ഒരു ലക്ഷണം. ശരീരത്തിലെ ഒന്നിലധികം സന്ധികളില്‍ ഈ വേദന ഉണ്ടാകാം. അതുതന്നെ പല തീവ്രതയിലാകാം വേദന അനുഭവപ്പെടുന്നതും. ഇതുപോലെ പതിവായി സന്ധിവേദന അനുഭവപ്പെടുന്നപക്ഷം അത് വാതരോഗമാണോ എന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പിക്കാവുന്നതാണ്. 

വീക്കം...

സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണാകാറുണ്ട്. അതുപോലെ തന്നെ ഈ ഭാഗങ്ങള്‍ പെട്ടെന്ന് ബാധിക്കപ്പെടുംപോലെ 'സെൻസിറ്റീവ്' ആകുന്നതും എപ്പോഴും ചൂട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. 

ചലനത്തിന് പരിമിതി...

സന്ധിവാതത്തിന്‍റെ മറ്റൊരു ലക്ഷണമാണ് ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്ന അവസ്ഥ. സന്ധികള്‍ ബാധിക്കപ്പെടുന്നത് കൊണ്ട് തന്നെയാണ് നടക്കാനോ, പടികള്‍ കയറാനോ, കുനിയാനോ മറ്റോ ഉള്ള ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നത്. ഇതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. 

കാഴ്ചയിലും വ്യത്യാസം...

സന്ധികളുള്ള ഭാഗത്ത് കാണുമ്പോള്‍ തന്നെ വ്യത്യാസം അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം. ഇതും സന്ധിവാതത്തിന്‍റെ ലക്ഷണമാകാം. ഇത് പക്ഷേ സന്ധിവാതത്തിന്‍റെ ആദ്യഘട്ട ലക്ഷണമായി വരുന്നതല്ല. രോഗം അല്‍പം കൂടി പഴകിയ അവസ്ഥയിലാണിത് കാണുക. ശരിയാം വിധമല്ലാതെ മുഴച്ചോ, നേരിയ രീതിയില്‍ വളഞ്ഞോ എല്ലാം സന്ധികളുടെ ഭാഗം കാണപ്പെടുന്നതാണ് ശ്രദ്ധിക്കേണ്ടത്. 

രാവിലെയുള്ള പ്രയാസം...

രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് സന്ധികളില്‍ കൂടുതല്‍ ബലമോ വേദനയോ അനുഭവപ്പെടുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണമായി വരാറുണ്ട്. ഏതാണ്ട് അരമണിക്കൂറെങ്കിലും ഈ പ്രയാസം നീണ്ടുനില്‍ക്കാം. ഇതും സന്ധിവാതരോഗത്തിന്‍റെ ലക്ഷണമാകാം. 

Also Read:- ഹാര്‍ട്ട് അറ്റാക്കും ഈ അസുഖങ്ങളും തമ്മില്‍ മാറിപ്പോകാം; ഇത് ഏറെ സൂക്ഷിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം