എന്താണ് ഒസിഡി ? തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

By Web TeamFirst Published Dec 15, 2019, 10:40 AM IST
Highlights

ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive compulsive disorder - OCD) ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥകളിൽ ഒന്നാണ്. 

ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive compulsive disorder - OCD) ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥകളിൽ ഒന്നാണ്. ഒരു രോഗാവസ്ഥ എന്നതിലുപരി മാനസികപരമായി ഒരാളിൽ ഉണ്ടാകുന്ന വ്യതിയാനം എന്നാണ് ഇതിനെ പറയേണ്ടത്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഇത്. 

ഒരു കാര്യത്തപ്പറ്റി ഒരാളില്‍ നിർബന്ധിതമായ ചിട്ടയും ആശങ്കകളും ഉണ്ടാകുകയും ഇതുപ്രകാരം ഏതെങ്കിലുമൊരു പ്രവർത്തിയിൽ ആവർത്തിച്ച് ഏർപ്പെട്ടു കൊണ്ടിരിക്കാനുള്ള പ്രവണതകയും വ്യഗ്രതയുമാണ് ഈ അവസ്ഥയുടെ പ്രത്യേകത. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ എന്തു കാര്യവും പലതവണ ചെയ്യുക , ചെയ്തത് ശരിയായോ എന്ന് പലതവണ പുന:പരിശോധിക്കുക എന്നതാണ് ഈ അവസ്ഥ. ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികൾ യുക്തി രഹിതമാണെന്നും ഒസിഡി ബാധിച്ചവർക്ക് മിക്കപ്പോഴും തിരിച്ചറിയാൻ കഴിയുമെങ്കിലും, അവർക്ക് അതിനെ മറി കടക്കാൻ സാധിക്കില്ല. 

രോ​ഗലക്ഷണങ്ങൾ

ഒ.സി.ഡി യുടെ പ്രശ്നമുള്ള ആളുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇവയെല്ലാമാണ്.

1. രോഗാണുക്കൾ, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകൾ. 

2. പതിവായി കൈ കഴുകുകയോ, സോപ്പ് ഉപയോഗിച്ച് പലതവണ കൈകൾ കഴുകിയിട്ടും തൃപ്തി വരാത്തതായി അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗ ലക്ഷണമാണ്. 

3. വാതിലുകൾ പൂട്ടിയ ശേഷവും അത് പൂട്ടിയിട്ടണ്ടോ എന്ന് വീണ്ടും ആവർത്തിച്ച് പരിശോധിക്കുകയോ, വീട്ടുസാധനങ്ങൾ പലതും കൃത്യമായ സ്ഥാനത്ത് വീണ്ടു വീണ്ടും അടുക്കി വയ്ക്കുകയോ ചെയ്യുന്നത് എല്ലാം ഒസിഡിയുടെ ചില ലക്ഷണങ്ങളാണ്.

4. ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങളും സങ്കൽപ്പങ്ങളും, അന്ധവിശ്വാസങ്ങൾ എന്നിവയോട് കൂടുതൽ താൽപര്യം കാണിക്കുക.

‌5. ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക. 

6. പഴയ വർത്തമാന പത്രങ്ങൾ, കുപ്പികളുടെ അടപ്പുകൾ തുടങ്ങിയ ആവശ്യമില്ലാത്ത വസ്തുക്കൾ ശേഖരിച്ചു വയ്ക്കുക. പേരുകളും മറ്റും നിർത്താനാവാതെ ഉച്ചരിച്ചു കൊണ്ടിരിക്കുക.

7. ഒ.സി.ഡി സംബന്ധമായ പ്രശ്നമുള്ള ഒരാൾ തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിക്കാറുള്ള ഒരാളായിരിക്കും.

ഒ.സി.ഡിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നിങ്ങളുടെ സമയത്തെ ഏറ്റവുമധികം കവർന്നെടുക്കാനും നിങ്ങളുടെ ചിന്തകളെ കീഴടക്കാനും കാരണമാകും. അതിനാല്‍ മേൽപ്പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടാന്‍  ഡോക്ടറുടെ സഹായം തേടുന്നത് നല്ലതായിരിക്കും. 
 

click me!