Thyroid Cancer: തൈറോയ്ഡ് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ലക്ഷണങ്ങളും ചികിത്സയും...

By Web TeamFirst Published Sep 27, 2022, 12:08 PM IST
Highlights

തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ്‌ ക്യാൻസറിന് കാരണമാകാറുണ്ട്‌. ആഗോളതലത്തിൽ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഏറ്റവുമധികം വർധന കാണിച്ച അർബുദങ്ങളിലൊന്നാണ് തൈറോയ്ഡ് ക്യാൻസർ. 

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.  

തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ്‌ ക്യാൻസറിന് കാരണമാകാറുണ്ട്‌. ആഗോളതലത്തിൽ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഏറ്റവുമധികം വർധന കാണിച്ച അർബുദങ്ങളിലൊന്നാണ് തൈറോയ്ഡ് ക്യാൻസർ. പുരുഷന്മാരേ അപേക്ഷിച്ച്‌ സ്ത്രീകളിൽ തൈറോയ്ഡ്‌ ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. 

ലക്ഷണങ്ങള്‍...

കഴുത്തിന്റെ മുൻഭാഗത്ത്‌ മുഴകൾ ഉണ്ടാകുന്നതാണ്‌ പ്രധാന ലക്ഷണം. എന്നാൽ കഴുത്തിനു മുമ്പിലുണ്ടാകുന്ന മുഴകളിൽ ഭൂരിഭാഗവും ക്യാൻസർ അല്ലാത്ത സാധാരണ (ബിനൈൻ) തൈറോയ്ഡ് മുഴകളാണ്. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുക‍ൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസർ പ്രത്യക്ഷപ്പെടാം. അസുഖത്തിന്റെ ക‍ാഠിന്യവും തൈറോയ്ഡ് മുഴകളുടെ വലുപ്പ വ്യത്യാസവുമനുസരിച്ച് ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്‌, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. 

പരിശോധനയും ചികിത്സയും...

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടുന്നപക്ഷം ഒരു ഹെഡ് ആൻഡ് നെക്ക് ക്യാൻസർ വിദഗ്ധനെയോ ഇഎൻടി, ജനറൽ സർജറി വിദഗ്ധനെയോ സമീപിച്ച് അഭിപ്രായം തേടണം. പ്രഥമിക പരിശോധനകൾക്ക് ശേഷം ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ ലബോറട്ടറി, സ്കാനിങ് പരിശോധനകൾ വേണ്ടിവരും.

ഏറ്റവും സാധാരണമായ പാപ്പില്ലറി, ഫോളികുലാർ വിഭാ​ഗത്തിൽപ്പെട്ട തൈറോയ്ഡ്‌ ക്യാൻസർ എളുപ്പത്തിൽ ചികിത്സിക്കാനാകും. എന്നാൽ അനാപ്ലാസ്റ്റിക്, മെഡുല്ലറി വിഭാ​ഗത്തിലുള്ളവയുടെ രോ​ഗനിർണ്ണയം പ്രയാസകരമാണ്. രോഗം മൂർച്ഛിച്ചാൽ തൈറോയ്ഡ്‌ ഗ്രന്ഥി നീക്കം ചെയ്യുകയാണ്‌ ഏക പോംവഴി.

മുഴയുടെ വലുപ്പവും എണ്ണവും അനുസരിച്ചാണു തൈറോയ്ഡ് ഗ്രന്ഥി പകുതിയായോ മുഴുവനായോ നീക്കണമെന്നു തീരുമാനിക്കുന്നത്. പാപ്പില്ലറി, ഫോളിക്ക്യുലാർ ക്യാന്‍സറുകളില്‍ സർജറിക്ക് ശേഷം റേഡിയോ അയോഡിൻ ചികിത്സയും ആവശ്യമായി വന്നേക്കാം. 

Also Read: നടുവേദന ക്യാൻസറിനെയും സൂചിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

click me!