ശ്രദ്ധിക്കാതെ പോകരുത് വെള്ളപ്പാണ്ടിന്‍റെ ഈ ആദ്യ ലക്ഷണങ്ങൾ...

By Web TeamFirst Published Jan 16, 2023, 9:12 AM IST
Highlights

ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന 'ഓട്ടോ ഇമ്മ്യൂണ്‍' രോഗമാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. 

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്‍റെ പ്രിയ നടി മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ സെൽഫി ചിത്രങ്ങള്‍ പങ്കുവച്ചാണ് മംമ്‌ത തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന 'ഓട്ടോ ഇമ്മ്യൂണ്‍' രോഗമാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. മെലാനിന്‍റെ കുവു മൂലം ഇവ ബാധിക്കാം. ചര്‍മ്മത്തിന് നിറം നല്‍കുന്നത് മെലാനിന്‍ എന്ന പദാര്‍ത്ഥമാണ്. ഇവയുടെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട്. ത്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉല്‍പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടില്‍ ഈ കോശങ്ങള്‍ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാല്‍ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങള്‍ ഇല്ലാതെ വരുന്ന ഭാഗങ്ങളില്‍ മെലാനിന്‍  ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ, ചര്‍മ്മത്തിന്‍റെ സ്വാഭാവിക നിറം നഷ്ചപ്പെട്ട് വെള്ളപ്പാടുകള്‍ രൂപപ്പെടുന്നു. 

തൊലിപ്പുറത്തെ നിറവ്യത്യാസം തന്നെയാണ് പ്രധാന ലക്ഷണം. വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം ആദ്യം കാണപ്പെടുന്നത്. എന്നാൽ ഈ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മം സാധാരണ നിറത്തിൽ തന്നെ കാണപ്പെടാറുണ്ട്. ശരീരത്തിൽ പല മാതൃകകളിൽ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒരു ഭാഗത്ത് മാത്രമോ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചോ ശരീരമാസകലം പടർന്നോ ഇതു കാണപ്പെടാം. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കാം.

അറിയാം വെള്ളപ്പാണ്ടിന്‍റെ ലക്ഷണങ്ങൾ...

ചര്‍മ്മത്തിലെ നിറവ്യത്യാസം, വെള്ള നിറത്തില്‍ ചർമ്മത്തിൽ പാടും അതിനെചുറ്റി സ്വാഭാവിക നിറത്തിലുള്ള ചർമ്മവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം. തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാകാം. പാടുകളിൽ വെളുത്തനിറമുള്ള രോമങ്ങളും ചിലപ്പോള്‍ കാണാം. 

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗം ഉണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. 

ചികിത്സ...

മരുന്ന് ഉപയോഗിച്ചും, ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. 'മെലനോസൈറ്റ്' കോശങ്ങളെ (ശരീരത്തിലെ മെലനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്)  മാറ്റിവയ്ക്കുന്നതാണ് പുതിയ ചികിത്സാരീതി.

Also Read: 'എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

click me!