
പലപ്പോഴും ജീവിതരീതികളിലെ പോരായ്മകളാണ് ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെയെത്തിക്കുന്നത്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളും ഇതിലുള്‍പ്പെടുന്ന മറ്റ് ശീലങ്ങളും നല്ലതുപോലെ പാലിക്കാനായാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും.
അത്തരത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും.
രണ്ട്...
അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം വ്യായാമം അമിതമാകുന്നതും ഹൃദയത്തിന് ദോഷം തന്നെ.
മൂന്ന്...
ആദ്യമേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റ് തീര്‍ച്ചയായും ഉറപ്പുവരുത്തുക. അനാരോഗ്യകരമായ ഭക്ഷണവും ക്രമേണ ഹൃദയത്തെ അപകടപ്പെടുത്തും. ഇതും ഹൃദയാഘാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി വരാറുണ്ട്.
നാല്...
രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഇപ്പോള്‍ ധാരാളം പേരുടെ ശീലമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് ഇങ്ങനെയൊരു ശീലത്തിലേക്ക് മിക്കവരും എത്തിപ്പെട്ടത്. എന്നാല്‍ രാത്രിയില്‍ ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ അത് സ്വാഭാവികമായും പിന്നീട് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്. പതിവായ ഉറക്കമില്ലായ്മ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ കൂട്ടുന്നു.
അഞ്ച്...
മത്സരാധിഷ്ടിതമായൊരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അഥവാ സ്ട്രെസ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. എന്നാല്‍ സ്ട്രെസ് പതിവാകുന്നതും ഹൃദയത്തെ മോശമായി ബാധിക്കും.
ആറ്...
ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കുന്ന പ്രധാനപ്പെട്ടൊരു കാരണമാണ് ബിപി. അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതിനാല്‍ ബിപിയുള്ളവര്‍ ഇത് നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഇടയ്ക്കിടെ പരിശോധിക്കുന്നതിനും ശ്രദ്ധ നല്‍കുക.
ഏഴ്...
ബിപിക്കൊപ്പം തന്നെ ഷുഗറും കരുതലോടെ വേണം കൈകാര്യം ചെയ്യാൻ. കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പ്രമേഹമുള്ളവരാണെങ്കില്‍ അത് നിയന്ത്രിച്ചുകൊണ്ടുപോവുകയും വേണം. അല്ലാത്ത പക്ഷം ഹൃദയം ബാധിക്കപ്പെടാം.
Also Read:- ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ ലക്ഷണം? അറിയാം 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam