
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യക്കാരുടെ പ്രിയനടി തമന്ന. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം തമന്നയെ ഏറെക്കാലം സിനിമാമേഖലയില്‍ തുടരാന്‍ സഹായിച്ചിട്ടുണ്ട്. അധികവും 'ഗ്ലാമര്‍' കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളതും.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച്, പിന്നീട് രോഗത്തില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്ത് തമന്നയെ കാത്തിരുന്നത് തീര്‍ത്തും അനാരോഗ്യകരമായ ചില പ്രതികരണങ്ങളായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ തമന്ന, രോഗബാധയെ തുടര്‍ന്ന് അല്‍പം വണ്ണം വച്ചിരുന്നു.
അങ്ങനെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ വണ്ണം കൂടിയതിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ 'ബോഡി ഷെയിമിംഗ്' നടത്തിയെന്ന പരാതിയുമായി തമന്ന തന്നെ രംഗത്തെത്തുകയായിരുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സമീപനമാണിതെന്നും വ്യക്തികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ തമന്ന വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ് തമന്നയെന്നാണ് പുതിയ ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്. കഠിനമായ വര്‍ക്കൗട്ടിലാണ് താരമെന്ന് ഈ ചിത്രങ്ങളും വീഡിയോകളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മനസ് വിചാരിക്കുന്നതെന്തോ അത് ശരീരം നേടുന്നു..' എന്നായിരുന്നു ആ വാക്കുകള്‍. നേരത്തേ താന്‍ നേരിട്ട 'ബോഡിഷെയിമിംഗി'നുള്ള മറുപടിയെന്ന നിലയ്ക്കാണ് താരം ഇങ്ങനെ കുറിച്ചതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
സഹപ്രവര്‍ത്തകരടക്കം നിരവധി പേരാണ് തമന്നയുടെ പുതിയ ഫിറ്റ്‌നസ് ചിത്രങ്ങളോട് പ്രതികരണമറിയിച്ചെത്തുന്നത്. വര്‍ഷങ്ങളായി എങ്ങനെയാണ് ഒരേ 'ലുക്ക്' കാത്തുസൂക്ഷിക്കുന്നതെന്നും അതിന് പ്രത്യേക അഭിനന്ദനങ്ങളര്‍ഹിക്കുന്നുവെന്നും പലരും കമന്റിലൂടെ അറിയിക്കുന്നു.
പല പ്രമുഖ സെലിബ്രിറ്റികളുടെയും ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോയും തമന്നയുടെ ചിത്രത്തിന് താഴെ അഭിനന്ദനമറിയിച്ചിട്ടുണ്ട്.
Also Read:- വണ്ണം കൂടിയതിന്റെ പേരില്‍ ബോഡിഷെയിമിങ്ങ്; 'തടിച്ചി' എന്ന് ചിലർ വിളിച്ചു - തമന്ന...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam