ബിപി കൂടുന്നതും വൃക്ക പ്രശ്‌നത്തിലാകുന്നതും; വൈറ്റമിന്‍ അമിതമായാല്‍...

By Web TeamFirst Published Aug 26, 2020, 9:11 PM IST
Highlights

വൈറ്റമിന്‍- ഡി ശരീരത്തിന് എത്രമാത്രം ആവശ്യമാണെന്ന് നമുക്കെല്ലാം അറിയാം. എല്ലുകളുടേയും പല്ലുകളുടേയുമെല്ലാം വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യത്തെ ഭക്ഷണത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍-ഡി ആണ്.  അതുപോലെ തന്നെ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാനും, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുമെല്ലാം വൈറ്റമിന്‍-ഡി പ്രയോജനപ്രദം തന്നെ

അമിതമായാല്‍ അമൃതും വിഷം എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നേ ആരോഗ്യ വിദഗ്ധര്‍ പറയൂ. ശരീരത്തിന് അവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. ഇവ ആവശ്യത്തിന് ലഭിക്കാതായാല്‍ നമ്മള്‍ പല ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമെല്ലാം നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അധികമായാലോ! അധികമായാലും പ്രശ്‌നമാണെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇത്തരത്തില്‍ വൈറ്റമിന്‍-ഡി അധികമാകുന്നത് മൂലമുണ്ടാകുന്ന ഒരുകൂട്ടം പ്രശ്‌നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. വൈറ്റമിന്‍- ഡി ശരീരത്തിന് എത്രമാത്രം ആവശ്യമാണെന്ന് നമുക്കെല്ലാം അറിയാം. എല്ലുകളുടേയും പല്ലുകളുടേയുമെല്ലാം വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യത്തെ ഭക്ഷണത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍-ഡി ആണ്. 

അതുപോലെ തന്നെ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാനും, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുമെല്ലാം വൈറ്റമിന്‍-ഡി പ്രയോജനപ്രദം തന്നെ. 

പ്രധാനമായും സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് നമ്മുടെ ശരീരം വൈറ്റമിന്‍-ഡി ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ ഭക്ഷണത്തില്‍ നിന്നും വൈറ്റമിന്‍-ഡി കണ്ടെത്തുന്നു. ചിലര്‍ ഇതിനായി പ്രത്യേകം സപ്ലിമെന്റുകളും കഴിക്കാറുണ്ട്. 

 

 

എന്നാല്‍ വൈറ്റമിന്‍-ഡിയുടെ അളവ് അമിതമായാല്‍ ചില രോഗങ്ങളും പ്രശ്‌നങ്ങളുമെല്ലാം നേരിടേണ്ടതായി വന്നേക്കാം. അവയേതെല്ലാം എന്ന് ഒന്ന് മനസിലാക്കിവയ്ക്കാം. 

ഒന്ന്...

'ഹൈപ്പര്‍ കാത്സീമിയ' അഥവാ രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കൂടുന്ന അവസ്ഥ. വൈറ്റമിന്‍- ഡി അമിതമായാല്‍ നേരിട്ടേക്കാവുന്ന ഒരു പ്രധാന പ്രശ്‌നം ഇതാണ്. കാത്സ്യം ശരീരത്തിന് നല്ലതല്ലേ, അതല്‍പം കൂടിയാലും എന്താണ് ഭയപ്പെടാന്‍ എന്ന് നിങ്ങളൊരുപക്ഷേ ചിന്തിച്ചേക്കാം. 

എങ്കില്‍ കേട്ടോളൂ, കാത്സ്യത്തിന്റെ അളവ് കൂടുന്നതും പ്രശ്‌നം തന്നെയാണ്. വിശപ്പില്ലായ്ം, മലബന്ധം, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ബിപി) എന്നിവയെല്ലാം ഈ അവസ്ഥ മൂലമുണ്ടാകും. 

രണ്ട്...

വൈറ്റമിന്‍-ഡി അമിതമാകുന്നത് വൃക്കകള്‍ക്കും അത്ര നല്ലതല്ല. ഇക്കാര്യം സൂചിപ്പിക്കുന്ന പല പഠനങ്ങളും നേരത്തേ പുറത്തുവന്നിട്ടുണ്ട്. വൈറ്റമിന്‍ -ഡി സപ്ലിമെന്റ്‌സ് എടുക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. 

മൂന്ന്...

പല തരത്തിലുള്ള ദഹനപ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കാന്‍ വൈറ്റമിന്‍-ഡി അമിതമാകുന്ന സാഹചര്യം ഇടയാക്കും. മലബന്ധം, വയറിളക്കം, വയറുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 

 

 

ഇക്കാര്യവും വൈറ്റമിന്‍-ഡി സപ്ലിമെന്റ്‌സ് എടുക്കുന്നവര്‍ തന്നെയാണ് അധികവും ശ്രദ്ധിക്കേണ്ടത്. 

നാല്...

നേരത്തേ സൂചിപ്പിച്ചത് പോലെ എല്ലിന് ബലമേകുന്ന കാത്സ്യത്തെ ഭക്ഷണത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍ -ഡി ആണ്. അതിനാല്‍ തന്നെ വൈറ്റമിന്‍-ഡി കൂടുമ്പോള്‍ സ്വാഭാവികമായും കാത്സ്യത്തിന്റെ അളവും കൂടുന്നു. ഇതാണ് 'ഹൈപ്പര്‍ കാത്സീമിയ' എന്നാദ്യമേ പറഞ്ഞുവല്ലോ. 

ഈ ഘട്ടത്തില്‍, അമിതമാകുന്ന കാത്സ്യം എല്ലുകളില്‍ വിപരീത ഫലങ്ങളുണ്ടാക്കുമത്രേ. ഇതും പിന്നീട് വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും. 

അതിനാല്‍ വൈറ്റമിന്‍- ഡി സപ്ലിമെന്റ്‌സ് എടുക്കുന്നവര്‍ അത് കൃത്യമായി ഡോക്ടറോട് ചോദിച്ച്, വേണ്ട നിര്‍ദേശങ്ങള്‍ തേടിയ ശേഷം മാത്രം കഴിക്കുക. അതല്ലാത്ത പക്ഷം ഇതിന്റെ അളവില്‍ വ്യതിയാനങ്ങള്‍ വരുന്നത് അനാരോഗ്യകരമാണെന്നും മനസിലാക്കുക.

Also Read:- വൈറ്റമിന്‍-സി ഗുളിക കഴിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

click me!