Men's Day : പുരുഷന്മാര്‍ ഏറ്റവുമധികം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഗൗരവമുള്ള അസുഖങ്ങള്‍ വരെ...

By Web TeamFirst Published Nov 19, 2022, 6:12 PM IST
Highlights

ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിവയാണ് പിന്നെ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍. കൃത്യമായ ഇടവേളകളില്‍ ഇവയെല്ലാം പരിശോധിക്കുന്നത് ശീലമാക്കുക. ഇതൊരു വലിയ ജോലിയായോ തലവേദനയായോ കാണേണ്ടതില്ല. ചെയ്തുതുടങ്ങിയാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഈ ചെക്കപ്പുകളൊക്കെ നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറും.

സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളെ കുറിച്ച് സജീവമായ ചര്‍ച്ചകളുണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാരുടെ ആരോഗ്യത്തെ ചൊല്ലിയും ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലാണെങ്കില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് നാല്‍പത് കടന്ന പുരുഷന്മാരാണെങ്കില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് പലതും ഇവര്‍ നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടി വരാം. 

ഇത്തരത്തില്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഗൗരവമുള്ള ചില അസുഖങ്ങള്‍ വരെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

നാല്‍പത് കടന്നവര്‍ പ്രഥമപ്രധാനമായി ശ്രദ്ധിക്കേണ്ടത് അമിതവണ്ണം, വയര്‍ വലിയ രീതിയില്‍ ചാടുന്നത് അടക്കമുള്ള ശാരീരികവ്യത്യാസങ്ങളില്‍ ശ്രദ്ധ പുലര്‍ത്തലാണ്. ഇത് ഒരുപിടി ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നിങ്ങളെ നയിക്കാം. അതിനാല്‍ വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനും പ്രാധാന്യം നല്‍കുക.

കഴിയുന്നതും പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. കാരണം പുകവലിയാണ് പുരുഷന്മാരില്‍ പല പ്രയാസങ്ങള്‍ക്കും കാരണമായി വരുന്നത്. 

ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിവയാണ് പിന്നെ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍. കൃത്യമായ ഇടവേളകളില്‍ ഇവയെല്ലാം പരിശോധിക്കുന്നത് ശീലമാക്കുക. ഇതൊരു വലിയ ജോലിയായോ തലവേദനയായോ കാണേണ്ടതില്ല. ചെയ്തുതുടങ്ങിയാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഈ ചെക്കപ്പുകളൊക്കെ നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറും. ഇവയെല്ലാം കൃത്യമായി പരിശോധിച്ച് മുന്നോട്ട് പോകാൻ സാധിച്ചാല്‍ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള അപ്രതീക്ഷിതമായി ജീവന് മേല്‍ ഉയരുന്ന പല ഭീഷണികളെയും നേരത്തെകൂട്ടി ഇല്ലാതാക്കാൻ സാധിക്കും. 

തൈറോയ്ഡ് ഹോര്‍മോണ്‍, വൈറ്റമിൻ-ഡി, വൈറ്റമിൻ ബി12 എന്നിവയെല്ലാം ഇടയ്ക്ക് പരിശോധിക്കണം. 

എല്ല് തേയ്മാനം അഥവാ 'ഓസ്റ്റിയോപോറോസിസ്' ആണ് പ്രായം ചെല്ലുംതോറും ശ്രദ്ധിക്കേണ്ട മറ്റൊരു ആരോഗ്യപ്രശ്നം. എല്ലുകള്‍ക്ക് തേയ്മാനം വരുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് എങ്ങനെയെല്ലാം പരിഹരിക്കണം, ജീവിതരീതികളില്‍ എന്തെല്ലാം മാറ്റം വരുത്തണം എന്നിവയെല്ലാം പരിശോധിക്കുക. 

ഗൗരവമുള്ള അസുഖങ്ങളിലേക്ക് വരുമ്പോള്‍ പ്രധാനമായും രണ്ട് തരം അര്‍ബുദങ്ങളാണ് പുരുഷന്മാര്‍ ഭയപ്പെടേണ്ടത്. ഒന്ന് പ്രോസ്റ്റേറ്റ് ക്യാൻസര്‍, രണ്ട് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍. പുകവലി തന്നെയാണ് ഇവിടെയും പ്രധാന വില്ലനായി വരുന്നത്.

പ്രോസ്റ്റേറ്റ് ക്യാൻസര്‍ തുടക്കത്തിലൊന്നും ലക്ഷണങ്ങള്‍ കാണിച്ചേക്കില്ല എന്നതിനാല്‍ അറിയപ്പെടാതെ പോകാനും അത് ഗുരുതരമകാനുമെല്ലാമുള്ള സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ ഇക്കാര്യം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. ശ്വാസകോശാര്‍ബുദത്തെ ചൊല്ലിയും ജാഗ്രത വേണം. ഇവയുടെയെല്ലാം ലക്ഷണങ്ങള്‍ മനസിലാക്കി വയ്ക്കണം. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടാല്‍ വൈകിക്കാതെ തന്നെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

നമ്മള്‍ ഒട്ടും നിസാരമാക്കി കളയാൻ പാടില്ലാത്ത മറ്റൊന്നാണ് മാനസികാരോഗ്യം. വിരസത, വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളെല്ലാം പ്രായമേറുംതോറും അനുഭവപ്പെടാം. സ്ട്രെസ് അകറ്റി ഇവയെ എല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാനും പുരുഷന്മാര്‍ പരിശീലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ബിപി, ഹൃദ്രോഗം, ഉദരരോഗങ്ങള്‍ പോലുള്ള പ്രശ്നങ്ങളെല്ലാം ഇതിന് അനുബന്ധമായി വരാം. 

സമയത്തിന് ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, വ്യായാമം സ്ട്രെസ് അകറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്തരീക്ഷം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയോടെ തന്നെ പുരുഷന്മാര്‍ വലിയ രീതിയില്‍ ആരോഗ്യപരമായി സുരക്ഷിതരായിരിക്കും. 

Also Read:- ബീജത്തിന്‍റെ കൗണ്ട് കൂട്ടാൻ 'നാച്വറല്‍' ആയ അഞ്ച് മാര്‍ഗങ്ങള്‍...

click me!