ഈ പച്ചക്കറികള്‍ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും

By Web TeamFirst Published Aug 25, 2020, 4:05 PM IST
Highlights

യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ആണ് പഠനം നടത്തിയത്. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ധമനികളെയും ഞരമ്പുകളെയും ബാധിക്കുന്നതാണ് രക്തക്കുഴൽ രോഗം അഥവാ ബ്ലഡ് വെസ്സൽ ഡിസീസ്.  ഇത്തരത്തില്‍  രക്തക്കുഴൽ രോഗങ്ങളെ തടയാന്‍ ചില പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായകമാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 
പ്രായമായ സ്ത്രീകളിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ 'ക്രൂസിഫെറസ്' പച്ചക്കറികളായ കാബേജ്, ബ്രൊക്കോളി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്സിറ്റി  ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ആണ് പഠനം നടത്തിയത്. 

മുൻ പഠനങ്ങളിൽ, ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം ഹൃദയാഘാതമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കുറയ്ക്കും എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണെന്ന് വ്യക്തമായിരുന്നില്ലെന്ന് ഗവേഷകയായ ലോറൻ ബ്ലക്കൻഹോഴ്‌സ്റ്റ് പറയുന്നു. അതേസമയം, പുതിയ പഠനം ഈ കാരണം വ്യക്തമാക്കുന്നു. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ  പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അയോർട്ട പോലുള്ള രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞു കൂടുന്നതു മൂലമാണ് രക്തപ്രവാഹം കുറയുന്നത്. ഈ കാൽസ്യം, കൊഴുപ്പ് നിക്ഷേപങ്ങളാണ് ഹൃദയാഘാതമോ പക്ഷാഘാതമോ  ഉണ്ടാകാൻ കാരണമാകുന്നത്. അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറയ്ക്കാൻ ക്രൂസിഫെറസ് പച്ചക്കറികൾ അടങ്ങിയ ഭക്ഷണരീതി സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

ദിവസവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിക്കുന്ന പ്രായമായ സ്ത്രീകളുടെ അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറവാണ്. ക്രൂസിഫെറസ് പച്ചക്കറികളിൽ  വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതാകാം രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതിനെ തടയുന്നത് എന്നും പഠനം പറയുന്നു. 

ഈ  പഠനത്തിൽ പങ്കെടുത്ത സ്ത്രീകള്‍ ദിവസവും 45 ഗ്രാമിലധികം ക്രൂസിഫെറസ് പച്ചക്കറികൾ കഴിക്കുന്നവരാണ്.  ഇവരില്‍ അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത 46 ശതമാനം കുറവാണ് എന്നാണ് പഠനം പറയുന്നത്. 

Also Read: ബ്രോക്കോളി കഴിക്കൂ, ഗുണങ്ങൾ പലതാണ്...
 

click me!