
മുഖക്കുരുവിനെ കുറിച്ച് നമുക്കെല്ലാം അറിയാം. ഇതുപോലെ തന്നെ ചിലരിൽ മുതുകിലും കുരു വരാറുണ്ട്. കാഴ്ചയിലും ഫലത്തിലുമെല്ലാം മുഖക്കുരുവിന് സമാനം തന്നെയാണിതും. എന്നാൽ മുതുകിലായതിനാൽ തന്നെ ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. ചെറിയ വേദന, ചൊറിച്ചിൽ എല്ലാമുണ്ടെങ്കിൽ തീർച്ചയായും ഇതൊരു തലവേദന തന്നെയായി മാറും.
പ്രധാനമായും ഹോർമോൺ വ്യതിയാനങ്ങളും ജനിതകഘടകങ്ങളുമാണ് ഇതിലേക്ക് നയിക്കുന്നത്. എന്തായാലും ഇത് നിത്യജീവിതത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്നം തന്നെയാണ്. അങ്ങനെയെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാൻ ചെയ്യാവുന്നത് എന്താണ്? ഇതാ ചെയ്യാവുന്ന ചില കാര്യങ്ങൾ...
ഒന്ന്...
മുഖക്കുരു പൊട്ടിക്കരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുപോലെ തന്നെ മുതുകിലുണ്ടാകുന്ന കുരുവും പൊട്ടിക്കരുത്. ഇത് കുരു കൂടുന്നതിനും അവിടെ ചർമ്മത്തിൽ കറുത്ത പാട് വരുന്നതിനും ഇടയാക്കും. ചിലർ മുതുകിൽ കുരു വന്നതറിയാതെ കയ്യെത്തിച്ച് ചൊറിഞ്ഞ് ഇത് പൊട്ടിക്കാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
രണ്ട്...
ചർമ്മത്തിൽ അധികമായി എണ്ണമയം ഇരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താം. ബോഡി വാഷ് തെരഞ്ഞെടുക്കുമ്പോഴും ഇതിന് അനുയോജ്യമായത് വേണം തെരഞ്ഞെടുക്കാൻ. മുടിയിൽ നിന്നും അധിക എണ്ണ പുറത്തേക്ക് വരുന്നുണ്ടെങ്കിൽ അക്കാര്യവും പതിവായി ശ്രദ്ധിക്കുക.
മൂന്ന്...
ചർമ്മം വൃത്തിയായി സൂക്ഷിക്കാനും എപ്പോഴും ശ്രദ്ധിക്കുക. വിയർത്ത് വരുന്ന സമയത്ത് ദേഹം വൃത്തിയാക്കുകയും ഒപ്പം തന്നെ വിയർത്ത ഉടുപ്പ് മാറുകയും വേണം. പ്രത്യേകിച്ച് വ്യായാമം കഴിഞ്ഞുവരികയാണെങ്കിൽ.
നാല്...
ബെൻസോയിൽ പെറോക്സൈഡ് ഉത്പന്നങ്ങൾ ഇങ്ങനെയുള്ള കുരു അകറ്റാൻ സഹായകമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. അതിനാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ച് നോക്കാം. ബെൻസോയിൽ പെറോക്സൈഡ് ക്ലെൻസർ ഉപയോഗിക്കുകയാണെങ്കിൽ അത് കുരു ഉള്ളിടത്ത് അഞ്ച് മിനുറ്റെങ്കിലും വച്ച ശേഷമേ തുടച്ചുകളയാവൂ.
റെറ്റിനോയിഡ് ജെൽ, ആസിൻ സ്റ്റിക്ക് എന്നിവയും ഉപയോഗിക്കാം.
അഞ്ച്...
നമ്മൾ ദേഹം തുടയ്ക്കാനുപയോഗിക്കുന്ന ടവലുകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. അല്ലാത്ത പക്ഷവും മുതുകിൽ കുരു വരാം. മുതുകിൽ മാത്രമല്ല മുഖത്തും. ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്ന ടവലുകൾ നല്ലതുപോലെ അലക്കി വെയിലത്ത് ഉണക്കിയെടുക്കണം.
Also Read:- നിസാരമെന്ന് തോന്നും, പക്ഷേ 'സ്കിൻ' രോഗങ്ങൾ അടക്കം പലതിലേക്കും നയിക്കുന്നൊരു പ്രശ്നം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam