
ഹോട്ടലുകളില്‍ നിന്നോ റെസ്റ്റോറന്‍റുകളില്‍ നിന്നോ എല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരെയും അലട്ടുന്ന പ്രശ്നം വൃത്തിയാണ്. ശുചിയായ സാഹചര്യങ്ങളിലാണോ ഭക്ഷണം തയ്യാറാക്കിയിട്ടുള്ളത്, ഭക്ഷണം പഴകിയതായിരിക്കുമോ, നന്നായി കഴുകിയിട്ടായിരിക്കുമോ പാകം ചെയ്തത് തുടങ്ങി വൃത്തിയുമായി ബന്ധപ്പെട്ട പല ആശങ്കകളും നമ്മെ അലട്ടാം.
പല വാര്‍ത്തകളും ഈ ആശങ്കകളെയെല്ലാം ഊട്ടിയുറപ്പിക്കുന്നതുമാണ്. അത്തരത്തില്‍ പഴകിയ ഭക്ഷണമിരിക്കുന്ന ഹോട്ടലുകള്‍, പുഴുവരിക്കുന്ന അടുക്കളകള്‍ എല്ലാം വാര്‍ത്തകളിലൂടെ കാണുമ്പോള്‍ അത് നമ്മുടെ മനസിനെ വലിയ രീതിയില്‍ തന്നെയാണ് സ്വാധീനിക്കുക.
അതേസമയം എല്ലാ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മോശമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നല്ല, മറിച്ച് ചിലയിടങ്ങളെങ്കിലും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് പറയുന്നത്. എന്തായാലും ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ തയ്യാറാക്കപ്പെട്ട ഭക്ഷണമാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഇതൊഴിവാക്കാൻ ശ്രദ്ധിക്കാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മലിനമായ ജലമുപയോഗിച്ച് പാചകം ചെയ്യരുത്. വൃത്തിയുള്ള വെള്ളമേ ഭക്ഷണസാധനങ്ങള്‍ കഴുകുന്നതിനും പാകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനും കൈകള്‍ വൃത്തിയാക്കുന്നതിനും എല്ലാം ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയേറുന്നു. വെള്ളം മാത്രമല്ല- ഐസും വൃത്തിയുള്ളത് തന്നെ ആയിരിക്കണം.
രണ്ട്...
ഇറച്ചിയോ മീനോ വൃത്തിയാക്കുകയും പാകം ചെയ്യുകയും ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഇവയുടെ അവശിഷ്ടം എവിടെയെങ്കിലും ഇരുന്നാല്‍ അത് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം. ഇറച്ചിയും മീനും തയ്യാറാക്കുമ്പോള്‍ എല്ലാം കഴിഞ്ഞ് കട്ടിംഗ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍, കൈ എല്ലാം നന്നായി കഴുകി വൃത്തിയാക്കണം. അതുപോലെ മീനോ ഇറച്ചിയോ കൈകാര്യം ചെയ്ത സിങ്ക് പരിസരങ്ങളും സോപ്പിട്ട് വൃത്തിയാക്കണം.
മൂന്ന്...
ഭക്ഷണസാധനങ്ങള്‍ ആവശ്യത്തിന് വേവിക്കാത്തതും രോഗാണുക്കള്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുകയും ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയൊരുക്കുകയും ചെയ്യുന്നു. അതിനാല്‍ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യത്തിന് ചൂടില്‍ തന്നെ പാകം ചെയ്തെടുക്കുക. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങള്‍.
നാല്...
ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതും വൃത്തിയിലും ശരിയായ രീതികളിലുമായിരിക്കണം. അല്ലാത്തപക്ഷവും ഭക്ഷ്യവിഷബാധയുണ്ടാകാം. ഇറച്ചിയും മീനുമെല്ലാം അധികം സൂക്ഷിച്ചുവയ്ക്കരുത്. അതുപോലെ ഫ്രിഡ്ജിലാണെങ്കിലും ഓരോ ഭക്ഷണസാധനവും കൃത്യമായി അതിന്‍റേതായ രീതിയില്‍ സൂക്ഷിക്കണം.
അഞ്ച്...
കേടായ പച്ചക്കറികള്‍- പഴങ്ങള്‍- പാല്‍- ഇറച്ചി- മീൻ എന്നിവയൊന്നും ഉപയോഗിക്കരുത്. ഒരു ഭക്ഷണസാധനവും കേടായതാണെങ്കില്‍ അത് പരീക്ഷിക്കാൻ നില്‍ക്കരുത്. വലിയ അപകടമാണിത്.
ആറ്...
പാക്കറ്റ്, കാൻ, ബോട്ടില്‍ എന്നിങ്ങനെ പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങളുടെ പാക്കിംഗില്‍ അപാകതയുണ്ടെങ്കില്‍ അവയും ഉപയോഗിക്കരുത്. ഇതും പലരും നിസാരമാക്കി എടുക്കാറുണ്ട്.
ഏഴ്...
അടുക്കളയില്‍ എല്ലായിടവും വൃത്തിയായിരിക്കണം. സ്ലാബ്, സിങ്ക്, പാത്രങ്ങള്‍ വയ്ക്കുന്നയിടം, കുക്കിംഗ് റേഞ്ച്, ഷെല്‍ഫുകള്‍, ഫ്രിഡ്ജ്, മിക്സി- മറ്റ് ഉപകരണങ്ങള്‍ എല്ലാം വൃത്തിയാക്കി കൊണ്ടുനടക്കണം. കാരണം ഇവയില്‍ നിന്നെല്ലാം ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണം വരാം.
Also Read:- വയറ് കേടായാല്‍ അത് മുഖത്തെയും ബാധിക്കും!; എങ്ങനെയെന്നറിയാം...