Asianet News MalayalamAsianet News Malayalam

വയറ് കേടായാല്‍ അത് മുഖത്തെയും ബാധിക്കും!; എങ്ങനെയെന്നറിയാം...

വയറിന്‍റെ പ്രശ്നം ചര്‍മ്മത്തെയും ബാധിക്കാറുണ്ട്. എന്നാലിക്കാര്യം പലര്‍ക്കും അറിവില്ലെന്നതാണ്  വസ്തുത. ഇങ്ങനെ വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകുന്നത് ചര്‍മ്മത്തെ ബാധിക്കുന്ന ചില രീതികളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

skin problems that comes as part of poor gut health hyp
Author
First Published Oct 27, 2023, 8:28 PM IST

വയറ് കേടായാല്‍ ആകെ ആരോഗ്യം തന്നെ പോയി എന്നാണ് പൊതുവെ പറയാറ്. ഇക്കാര്യം ഒരു പരിധി വരെ ശരി തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നു. അത്രമാത്രം നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ പല വിധത്തിലും വയറിന്‍റെ ആരോഗ്യം സ്വാധീനിക്കുന്നുണ്ട്.

ഇത്തരത്തില്‍ വയറിന്‍റെ പ്രശ്നം ചര്‍മ്മത്തെയും ബാധിക്കാറുണ്ട്. എന്നാലിക്കാര്യം പലര്‍ക്കും അറിവില്ലെന്നതാണ്  വസ്തുത. ഇങ്ങനെ വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകുന്നത് ചര്‍മ്മത്തെ ബാധിക്കുന്ന ചില രീതികളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എക്സീമ അഥവാ കരപ്പൻ എന്നെല്ലാം പറയുന്ന സ്കിൻ രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? പല കാരണം കൊണ്ടും എക്സീമ പിടിപെടാം. എന്നാല്‍ വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായും എക്സീമ വരാം. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ ബാലൻസ് തെറ്റുന്നതോടെയാണ് എക്സീമയ്ക്കും സാധ്യതയൊരുങ്ങുന്നത്. സ്കിൻ അസാധാരണമായി ഡ്രൈ ആകുകയും ചൊറിഞ്ഞും കുമിള വന്നും അടര്‍ന്നുപോരുന്നതുമെല്ലാമാണ് എക്സീമയുടെ ലക്ഷണങ്ങള്‍. ഇത് ശരീരത്തില്‍ എവിടെയും വരാം. 

രണ്ട്...

മുഖക്കുരുവാണ് വയറ് കേടാകുന്നത് മൂലം വന്നേക്കാവുന്ന മറ്റൊരു സ്കിൻ പ്രശ്നം. മുഖക്കുരുവിനും ഇപ്പറഞ്ഞതുപോലെ പല കാരണങ്ങളുണ്ടാകാം. ഇതില്‍ വയറിന്‍റെ കേട് എന്നതൊരു കാരണം. ശരീരത്തിന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍- അതുപോലെ വിഷാംശങ്ങള്‍ വയറിന് പിടിച്ചുവച്ച് ദഹിപ്പിച്ച് പുറന്തള്ളാൻ കഴിയാത്തപക്ഷം അവ ചര്‍മ്മത്തിലൂടെ പുറന്തള്ളപ്പെടാം. ഇതാകാം മുഖക്കുരുവിന് കാരണമായി വരുന്നത്. 

മൂന്ന്...

സോറിയാസിസ് എന്ന സ്കിൻ രോഗത്തെ കുറിച്ചും നിങ്ങളെല്ലാം കേട്ടിരിക്കും. സ്കിൻ കട്ടിയായി ഒരു പാളിക്ക് മുകളില്‍ അടുത്തത് എന്ന പോലെ വരികയും ഡ്രൈ ആയി അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രത്യേകത. എന്തുകൊണ്ടെല്ലാമാണ് സോറിയാസിസ് പിടിപെടുന്നത് എന്നത് ഗവേഷകര്‍ക്ക് ഇതുവരെ കൃത്യമായി കണ്ടെത്തി തിട്ടപ്പെടുത്താനായിട്ടില്ല. എന്നാല്‍ വയറിന് കേടുള്ളപ്പോള്‍ ചിലരില്‍ സോറിയാസിസ് പിടിപെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാം...

ഇത്തരത്തിലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ആദ്യം സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കണം. സ്ട്രെസാണ് വയറിനെ കേടാക്കുന്ന പ്രധാനപ്പെട്ടൊരു ഘടകം. ഇതുകഴിഞ്ഞാല്‍ ഭക്ഷണരീതിയാണ് നിങ്ങള്‍ ക്രമീകരിക്കേണ്ടത്.

ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന ഭക്ഷണം സമയത്തിന് കഴിച്ച് ശീലിക്കണം. കൂടുതല്‍ ഭക്ഷണം കഴിക്കുകയെന്നതല്ല- ആരോഗ്യകരമായ ഭക്ഷണം സമയത്തിന് മിതമായി കഴിക്കുകയെന്ന ശീലമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇങ്ങനെ ഭക്ഷണം കൃത്യമായാല്‍ അത് വലിയ രീതിയില്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കും. 

അധികം മധുരം വേണ്ട, പ്രോസസ്ഡ്- പാക്കേജ്ഡ് ഫുഡ്സും. ഫൈബറുള്ള പച്ചക്കറികളും പഴങ്ങളും പതിവാക്കുക. സ്പ്രൗട്ട്സ്, ധാന്യങ്ങള്‍ (പൊടിക്കാത്തത്), പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം കഴിക്കുക. നന്നായി വെള്ളം കുടിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. 

Also Read:- വണ്ണം കുറയ്ക്കാൻ രാത്രിയില്‍ കിടക്കാൻ പോകുന്നതിന് മുമ്പ് ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios