ഈ ചൂടത്ത് അമിതമായി വിയര്‍ക്കുന്നുണ്ടോ?

By Web TeamFirst Published Mar 11, 2019, 3:16 PM IST
Highlights

ചിലരുടെ പ്രകൃതം തന്നെ ധാരാളമായി വിയര്‍ക്കുന്നതായിരിക്കാം. 'ഹൈപ്പര്‍ഹൈഡ്രോസിസ്' എന്നാണ് ഈ അവസ്ഥയെ പറയുക. മിക്കവാറും ഇത് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. എങ്കിലും മുമ്പില്ലാത്തത് പോലെ അമിതമായി വിയര്‍ക്കുന്നവര്‍ തീര്‍ച്ചയായും അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചേ മതിയാകൂ

ചിലര്‍ എപ്പോഴും വിയര്‍ത്തുകൊണ്ടിരിക്കുന്നത് കാണാം. അല്ലേ? അതിന് കൊടും ചൂട് വേണമെന്നൊന്നും ഇല്ല. ചിലരാണെങ്കില്‍ ഒട്ടും വിയര്‍ക്കുകയുമില്ല. ഇത് രണ്ടും ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് സംഭവിക്കുന്നത്. എന്നാല്‍ സാധാരണഗതിയില്‍ വിയര്‍ക്കുന്നതിലും അധികം വിയര്‍ക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? 

വിയര്‍ക്കുന്നത് നല്ലതോ?

ചൂട് അനുഭവപ്പെടുമ്പോള്‍ ശരീരം സ്വാഭാവികമായി വിയര്‍ക്കുന്നത്, ആരോഗ്യത്തിന് ഗുണകരമാവുകയേ ഉള്ളൂ. ശരീരം അമിതമായി ചൂടാകുന്നത് തടയാനും ശരീരത്തിലെ വിഷാംശങ്ങളെയും സോഡിയത്തെയും പുറന്തള്ളാനും നമ്മളെ തണുപ്പിക്കാനുമെല്ലാം ഇത് ഏറെ സഹായകമാകും. 

അതേസമയം അസാധാരണമായി വിയര്‍ത്താലോ? പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ, അതായത് വര്‍ക്കൗട്ടോ, എക്‌സര്‍സൈസോ മറ്റ് ജോലികളോ ഒന്നും ചെയ്യാതെ തന്നെ അമിതമായി വിയര്‍ക്കുന്നത് ഒരുപക്ഷേ, എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമാകാം. അതിനാല്‍ തന്നെ അസാധാരണമായ വിയര്‍പ്പ് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. 

ആദ്യം സൂചിപ്പിച്ചത് പോലെ ചിലരുടെ പ്രകൃതം തന്നെ ധാരാളമായി വിയര്‍ക്കുന്നതായിരിക്കാം. 'ഹൈപ്പര്‍ഹൈഡ്രോസിസ്' എന്നാണ് ഈ അവസ്ഥയെ പറയുക. മിക്കവാറും ഇത് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. എങ്കിലും മുമ്പില്ലാത്തത് പോലെ അമിതമായി വിയര്‍ക്കുന്നവര്‍ തീര്‍ച്ചയായും അത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചേ മതിയാകൂ. 

വേനല്‍ക്കാലത്തെ വിയര്‍പ്പ്....

മേല്‍പ്പറഞ്ഞതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് വേനല്‍ക്കാലത്തെ വിയര്‍പ്പ്. ചൂട് കൂടുതലാകുന്നതിന് അനുസരിച്ച് ഈ സമയത്ത് വിയര്‍പ്പും കൂടും. ഒരുപാട് വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ജലാംശവും ധാരാളമായി നഷ്ടപ്പെടും. അതിനാല്‍ വിയര്‍ക്കുന്നതിന് തുല്യമായി വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. ഇതിനായി മാത്രം കയ്യിലെപ്പോഴും ഒരു കുപ്പി കരുതാം. 

ജലാംശം നഷ്ടപ്പെടുന്ന പോലെ തന്നെ പ്രധാനമാണ് ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെ ഉപ്പ് നഷ്ടമാകുന്നതും. ഒരു പരിധിയിലധികം അളവില്‍ ഉപ്പ് നഷ്ടപ്പെടുന്നത് വളരെയധികം അപകടസാധ്യതകളുണ്ടാക്കും. ആകെ തളരുന്നതായി തോന്നുന്നതെല്ലാം ഇക്കാരണം കൊണ്ടാകാം. അതിനാല്‍ വെള്ളം കുടിക്കുന്നതിനൊപ്പം ഇടയ്ക്ക് അല്‍പം ഉപ്പ് ചേര്‍ത്ത നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ഒക്കെ കുടിക്കാവുന്നതാണ്. 

കൊടും ചൂടില്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും അല്‍പം ശ്രദ്ധയാകാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ഇക്കാലത്ത് ഉപയോഗിക്കേണ്ടത്. അതല്ലാത്ത പക്ഷം വിയര്‍ത്ത്, ആ വിയര്‍പ്പിന് പുറത്തേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് വീണ്ടും ശരീരത്തെ ചൂടാക്കുകയും, വീണ്ടും വിയര്‍ക്കാനിടയാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നിര്‍ജലീകരണത്തിനും അതുവഴി തളര്‍ച്ചയ്ക്കും എന്തിന് പുറത്തിറങ്ങുന്നവരാണെങ്കില്‍ സൂര്യാഘാതത്തിന് വരെ സാധ്യതയുണ്ടാകും. 

click me!