
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ ഉന്നയിക്കാറുള്ളൊരു പ്രശ്നമാണ് മുടികൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. എന്നാല്‍ ശരീരഭാരം കുറച്ചുകൊണ്ടുവന്നതിന് പിന്നാലെയുണ്ടാകുന്ന മുടി കൊഴിച്ചിലാണെങ്കില്‍ ഇതില്‍ ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
വണ്ണം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നവര്‍ മിക്കവാറും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വണ്ണം കുറയ്ക്കാനാണ് അധികവും ശ്രമിക്കാറ്. ഇത് അധികപേരിലും അവശ്യം വേണ്ടുന്ന പോഷകങ്ങളുടെ കുറവ് സൃഷ്ടിക്കാറുണ്ട്. അങ്ങനെ ആരോഗ്യം പലരീതിയില്‍ ബാധിക്കപ്പെടാം. ഇതിലൊരു ലക്ഷണം മാത്രമാണ് പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലും.
എന്തുകൊണ്ട് വണ്ണം കുറയ്ക്കുമ്പോള്‍ മുടി കൊഴിച്ചില്‍?
ആദ്യമേ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാൻ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ പോഷകങ്ങളുടെ കുറവ് വരാം. ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. ഇതാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്.
'വണ്ണം കുറയ്ക്കാനായി ഒരുപാട് പേര്‍ പെട്ടെന്ന് ചോര്‍, റൊട്ടി, ഉരുളക്കിഴങ്ങ്, നെയ്, നേന്ത്രപ്പഴം, മുട്ട എന്നിങ്ങനെ പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കും. ഇതെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുടി കൊഴിച്ചിലിന് സാധ്യതകളേറെയാണ്...'- പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് മോഹിത പറയുന്നു.
പ്രോട്ടീൻ കുറയുമ്പോള്‍ അത് കെരാട്ടിൻ (മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകം) ഉത്പാദനത്തെ ബാധിക്കുകയും അങ്ങനെ മുടി കൊഴിച്ചിലുണ്ടാവുകയും ചെയ്യാം. ആകെ ഭക്ഷണത്തിന്‍റെ അളവ് കുറയുന്നതും ആരോഗ്യത്തെയും മുടി വളര്‍ച്ചയെയുമെല്ലാം ദോഷകരമായി ബാധിക്കാം.
വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുമ്പോള്‍...
ഇത്തരം പ്രശ്നങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തിന് അവശ്യം വേണ്ടുന്ന പ്രോട്ടീൻ അടക്കമുള്ള ഘടകങ്ങള്‍ ഇല്ലാതായിപ്പോകും വിധത്തിലുള്ള, ആരോഗ്യം ബാധിക്കും വിധത്തിലുള്ള ഡയറ്റ് തെരഞ്ഞെടുക്കാതെ ബാലൻസ്ഡ് ആയ ഡയറ്റ് തെരഞ്ഞെടുക്കുക.
നല്ലരീതിയില്‍ വെള്ളം കുടിക്കുക, പ്രോട്ടീൻ നിര്‍ബന്ധമായും ഭക്ഷണത്തിലൂടെ ഉറപ്പാക്കുക, സീസണലായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധയിലുണ്ടാവുക. അതുപോലെ കുറഞ്ഞ കാലയളവിനുള്ളില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കേണ്ട. അത് ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളിയാണ്.
Also Read:- സീസണലായ മുടി കൊഴിച്ചില്‍ തടയാൻ തേൻ!; ഇതെങ്ങനെ ഉപയോഗിക്കാമെന്നറിയാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam