വ്യായാമം മാത്രം പോരാ, എപ്പോഴും ചുറുചുറുക്കോടെ ഇരിക്കണം; ഇല്ലെങ്കില്‍ ഈ രോഗ സാധ്യതയെന്ന് പഠനം

By Web TeamFirst Published Aug 11, 2020, 2:24 PM IST
Highlights

ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രോഗങ്ങളകറ്റാന്‍ സഹായിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ആകെ 30 മിനിറ്റ് നേരത്തെ വ്യായാമം മാത്രം പോരാ.

ജീവിത ശൈലീരോഗങ്ങള്‍ ശരീരത്തിന്റെ താളം തെറ്റിക്കുമ്പോഴായിരുന്നു പലരും വിശ്രമത്തേക്കാള്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് വ്യായാമത്തിന്‍റെ പ്രാധാന്യം എത്രത്തോളമാണെന്ന്  പലരും തിരിച്ചറിയുന്നു. വ്യായാമവും ചിട്ടയായ ഡയറ്റുമൊക്കെ പലരുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. 

നല്ല ആരോഗ്യത്തിനും ഒപ്പം ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. നിങ്ങൾ എത്രത്തോളം വ്യായാമം ചെയ്യാൻ തയ്യാറാണോ..അത്രത്തോളം സുന്ദരമായ അരക്കെട്ടും നിങ്ങള്‍ക്ക് സ്വന്തമാക്കാം. വ്യായാമമില്ലായ്മ ഹൃദ്രോഗസാധ്യത പതിന്മടങ്ങു കൂട്ടുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രോഗങ്ങളകറ്റാന്‍ സഹായിക്കുമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ 30 മിനിറ്റ് നേരത്തെ വ്യായാമം മാത്രം പോരാ എന്നും ദിവസം മുഴുവനും ഊര്‍ജസ്വലത നിലനിര്‍ത്തുകയും വേണമെന്നുമാണ് പുതിയ പഠനം പറയുന്നത്. ശരീരമനങ്ങാതെ ചടഞ്ഞുകൂടിയിരിക്കുന്നവരില്‍ പള്‍മണറി എംബോളിസം എന്ന ഒരു അവസ്ഥയുണ്ടാകാനുള്ള സാധ്യത കാണുന്നതായാണ് ഈ പഠനം പറയുന്നത്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കെത്തിക്കും.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഈ പഠനത്തില്‍ പറയുന്നു. 

അലസമായ ജീവിതശൈലി പലപ്പോഴും ക്യാന്‍സറിനുള്ള സാധ്യതയും കൂട്ടുമെന്നും  അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചും അഭിപ്രായപ്പെടുന്നു. അതിനാല്‍ വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുന്നവര്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നാണ് ഗവേഷകര്‍ പറയുന്നത്. 

Also Read: 'വൈകിയിട്ടില്ല, നിങ്ങള്‍ക്കും തുടങ്ങാം'; വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നടി ഭാഗ്യശ്രീ...

click me!