
ഭക്ഷണ-പാനീയങ്ങള്‍ വൃത്തിയായ സാഹചര്യത്തില്‍ നിന്നുള്ളതല്ല എങ്കില്‍ അത് നമ്മുടെ ജീവന്‍ തന്നെ അപഹരിക്കാമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്ന് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നൊരു വാര്‍ത്ത സൂചിപ്പിക്കുന്നത്. മലിനജലം ( Polluted Water ) കുടിച്ചതിനെ തുടര്‍ന്ന് ഒരു ഷെല്‍ട്ടര്‍ ഹോമിലെ മൂന്ന് അന്തേവാസികള്‍ മരിച്ചു എന്നതാണ് വാര്‍ത്ത. 12 പേര്‍ ചികിത്സയിലുമാണ്.
ഷെല്‍ട്ടര്‍ ഹോമിലേക്ക് കുടിവെള്ളമെടുക്കുന്ന കുഴല്‍ക്കിണറിലെ വെള്ളത്തില്‍ നിന്നാണ് അന്തേവാസികള്‍ക്ക് വിഷബാധയുണ്ടായതെന്ന് ( Water Poison ) പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ഭക്ഷണം കഴിച്ച് ഏറെ നേരത്തിന് ശേഷം വയറിന് സുഖമില്ലെന്നും വയറിളക്കവും ഛര്‍ദ്ദിയും ആണെന്നും പറഞ്ഞ ചിലരെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കകം മരിച്ചു. ബാക്കിയുള്ളവരാണ് ചികിത്സയില്‍ തുടരുന്നത്.
ശ്രദ്ധിച്ചില്ലെങ്കില്‍ കുടിവെള്ളം പോലും ജീവനെടുക്കാമെന്നാണ് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് കുടിവെള്ളം മലിനമാണോ ( Polluted Water ) അല്ലയോ എന്ന് പരിശോധിക്കുക?
വെള്ളത്തിന്‍റെ ചില സവിശേഷതകളിലൂടെ തന്നെ ചെറിയൊരു പരിധി വരെ നമുക്കിത് മനസിലാക്കാം. ഇതിനുള്ള ചില മാര്‍ഗങ്ങളാണിനി നിര്‍ദേശിക്കുന്നത്.
വെള്ളത്തിന്‍റെ നിറം...
ശുദ്ധജലം, അതായത് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം 'ക്ലിയര്‍' ആയിരിക്കണം. കിണറ്റുവെള്ളമാണെങ്കില്‍ ചെറിയ രീതിയില്‍ കരടുകളോ മണ്ണോ പൊടിയോ ഉണ്ടാകാം. എന്നാല്‍ അല്‍പസമയം വച്ചുകഴിഞ്ഞാല്‍ ഇവ താഴേക്ക് ഊറിപ്പോയി വെള്ളം 'ക്ലിയര്‍' ആകണം.
അയേണ്‍ അളവിലും കൂടുതലായി അടങ്ങിയ വെള്ളമാണെങ്കില്‍ ഇളം ഓറഞ്ച് നിറം കലര്‍ന്നിരിക്കാം. മാംഗനീസ് കൂടിയിട്ടുണ്ടെങ്കില്‍ പര്‍പ്പിള്‍- ഇരുണ്ട നിറം എന്നീ രീതിയില്‍ കാണാം.
വെള്ളത്തിന്‍റെ ഗന്ധം...
അതുപോലെ വെള്ളത്തിന് യാതൊരു തരത്തിലുള്ള ഗന്ധവും ഉണ്ടാകേണ്ടതില്ല. അതിനാല്‍ തന്നെ ഏതെങ്കിലും രീതിയില്‍ വെള്ളത്തില്‍ നിന്ന് ഗന്ധമുണ്ടാകുന്നുവെങ്കില്‍ അക്കാര്യം ശ്രദ്ധിക്കുക.
സള്‍ഫര്‍- അതുപോലെ ബാക്ടീരിയകള്‍ എന്നിവ ചേര്‍ന്ന് മലനമായ ജലമാണെങ്കില്‍ നല്ലരീതിയില്‍ തന്നെ ദുര്‍ഗന്ധം വരാം. പച്ചമണം എന്നൊക്കെ നമ്മള്‍ നാടൻ ഭാഷയിൽ പറയാറുണ്ട്. ഇങ്ങനെ വെള്ളത്തിന് മണം വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. മിക്കവാറും കക്കൂസ് മാലിന്യമാണ് ഇതിന് കാരണമാകുന്നത്. ഇവയില്‍ നിന്ന് വെള്ളത്തില്‍ കലരുന്ന ഇ-കോളി ബാക്ടീരിയ പലരോഗങ്ങള്‍ക്കും കാരണമാകാം. അതുപോലെ ചീഞ്ഞ ഇലകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവയും കാരണമാകാം.
അതുപോലെ വെള്ളത്തിന് രാസപദാര്‍ത്ഥങ്ങളുടെ മണം, ഗ്യാസിന്‍റെ മണം, പെയിന്‍റ് തിന്നറിന്‍റെ മണം എന്നിവയുണ്ടെങ്കിലും ഇത് കുടിക്കാനോ പാചകത്തിനോ യോഗ്യമല്ലെന്ന് ( Water Poison ) മനസിലാക്കുക.
കുഴല്‍ക്കിണറിലെ വെള്ളത്തിന് പ്രധാനമായും സംഭവിക്കുന്നൊരു പ്രശ്നം അവയില്‍ ധാതുക്കളുടെ ബാലൻസില്‍ വരുന്ന അസന്തുലിതാവസ്ഥയാണ്. ലെഡ്, മെര്‍ക്കുറി, കോപ്പര്‍, ആര്‍സെനിക് എല്ലാം ഇത്തരത്തില്‍ അളവ് തെറ്റി വെള്ളത്തില്‍ കാണാം. ഭൂമിശാസ്ത്രപരമായ പ്രത്യേകത, അടുത്തെവിടെയെങ്കിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് എല്ലാം ഇങ്ങനെ വെള്ളത്തില്‍ കെമിക്കലുകള്‍- അല്ലെങ്കില്‍ മെറ്റലുകള്‍ കലരാനിടയാക്കും.
നിങ്ങള്‍ ചെയ്യേണ്ടത്...
ഒരുപക്ഷേ പെട്ടെന്നുള്ള വിഷബാധയുണ്ടായില്ലെങ്കില്‍ പോലും ദീര്‍ഘകാലം ഈ വെള്ളം കുടിക്കുന്നത് പല ഗൗരവമുള്ള അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.
കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്ന വെള്ളത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം അനുഭവപ്പെടുകയാണെങ്കില്‍ അത് പരിശോധനയ്ക്കായി അയക്കാവുന്നതാണ്. പഞ്ചായത്ത്- നഗരസഭ- മുനിസിപ്പാലിറ്റി അംഗങ്ങളെ അറിയിച്ചാല്‍ തന്നെ ഏറ്റവും അടുത്തുള്ള പരിശോധനാസൗകര്യം നിങ്ങള്‍ക്ക് ലഭ്യമാക്കാൻ അവര്‍ സഹായിക്കുന്നതാണ്. കേരളത്തില്‍ എല്ലായിടത്തും ഇന്ന് ഇതിനുള്ള സൗകര്യമുണ്ട്.
Also Read:- മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ പരിഗണിക്കൂ...