ലോക്ക്ഡൗണ്‍ കാലത്ത് വ്യാപകമാകുന്ന ആരോഗ്യപ്രശ്‌നം; പരിഹാരം വീട്ടിലുണ്ട്...

By Web TeamFirst Published Apr 23, 2020, 11:09 PM IST
Highlights

പമേഹം, രക്തസമ്മര്‍ദ്ദം, പിസിഒഡി, തൈറോയ്ഡ്, ഉറക്കക്കുറവ് എന്നിങ്ങനെ വിവിധ അസുഖങ്ങളും അവസ്ഥകളുമെല്ലാം മലബന്ധത്തിലേക്ക് ആളുകളെ എത്തിച്ചേക്കാം. ഒരു പരിധി വരെ ഡയറ്റില്‍ സൂക്ഷ്മത പുലര്‍ത്തുന്നതോടെ തന്നെ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. അതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

ലോക്ക്ഡൗണ്‍ കാലം നമ്മുടെ സാധാരണജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മിക്കവരും ജോലിയില്‍ നിന്ന് അവധി ലഭിച്ചതോടെ വീട്ടില്‍ വെറുതിയിരിക്കുന്ന സാഹചര്യമാണുള്ളത്. വെറുതെയിരിക്കുമ്പോഴുള്ള വിരസത മാറാന്‍ പാചകപരീക്ഷണങ്ങളും ഭക്ഷണം കഴിപ്പുമൊക്കെ തന്നെ വിനോദം. കൂട്ടത്തില്‍ ഇടയ്ക്കിടെ ചായകുടിയും. പോരാത്തതിന് ശരീരം അനങ്ങാതെയുള്ള ഇരിപ്പും. എല്ലാം കൂടിയാകുമ്പോള്‍ സത്യത്തില്‍ വയറിനാണ് പണി കിട്ടുന്നത്. 

അതുകൊണ്ട് തന്നെ പലരും ലോക്ക്ഡൗണ്‍ കാലത്ത് നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നം മലബന്ധമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പിസിഒഡി, തൈറോയ്ഡ്, ഉറക്കക്കുറവ് എന്നിങ്ങനെ വിവിധ അസുഖങ്ങളും അവസ്ഥകളുമെല്ലാം മലബന്ധത്തിലേക്ക് ആളുകളെ എത്തിച്ചേക്കാം. ഒരു പരിധി വരെ ഡയറ്റില്‍ സൂക്ഷ്മത പുലര്‍ത്തുന്നതോടെ തന്നെ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. അതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കറാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

Also Read:- ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍...

ഒന്ന്...

ഭക്ഷണശേഷം മധുരം കഴിക്കുക എന്നത് മിക്കവരുടേയും ശീലമാണ്. എന്നാല്‍ മലബന്ധമുള്ള ആളുകള്‍ ഇത്തരത്തില്‍ മധുരം കഴിക്കുന്നതിന് പകരം അല്‍പം ശര്‍ക്കരയും നെയ്യും ചേര്‍ത്ത് കഴിക്കാനാണ് ന്യൂട്രീഷ്യനിസ്റ്റ് രുജുത നിര്‍ദേശിക്കുന്നത്. 

 

 

അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ശര്‍ക്കര. നെയ് ആകട്ടെ ശരീരത്തിന് അവശ്യം വേണ്ട കൊഴുപ്പിനാല്‍ സമൃദ്ധവും. എന്നാല്‍ ഇവ രണ്ടും ചേരുമ്പോള്‍ അത് ഗുണകരമാകുന്ന ഉദരപ്രശ്‌നങ്ങള്‍ക്കാണത്രേ. ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും അതുവഴി മലബന്ധത്തെ തടയാനും ഇത് സഹായിക്കുമത്രേ. 

രണ്ട്...

ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് മിക്കവരുടേയും ശീലമാണ്. ഇത് മലബന്ധമുണ്ടാക്കാന്‍ കൂടുതല്‍ സാധ്യതകളൊരുക്കുകയേ ഉള്ളൂ. എന്നാല്‍ ഇത്തരത്തില്‍ ചായയും കാപ്പിയും കഴിക്കുന്നതിന് പകരം അല്‍പം തണ്ണിമത്തന്‍ കഴിച്ചുനോക്കൂ. 

 

 

നല്ല മാറ്റം കാണാനാകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ശരീരത്തില്‍ ജലാംശം ഇല്ലാതാകുന്ന അവസ്ഥ വലിയ അളവില്‍ മലബന്ധത്തിന് കാരണമാകുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണത്രേ തണ്ണിമത്തന്‍ കഴിക്കുന്നത്. 

മൂന്ന്...

മുമ്പെല്ലാം വീടുകളില്‍ പതിവായി വാങ്ങി സൂക്ഷിക്കുന്ന ഒന്നാണ് എള്ള്. എന്നാല്‍ ഇപ്പോള്‍ അടുക്കളകളില്‍ എള്ള് ഒരു പ്രധാന ഘടകമേയല്ല. എള്ളിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവയിലൊന്നാണ് മലബന്ധത്തെ പ്രതിരോധിക്കാനുള്ള കഴിവ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രശ്‌നങ്ങളൊഴിവാക്കാന്‍ എള്ളിന് കഴിയും. 

 

 

ഇതുവഴി മലബന്ധം ഒഴിവാക്കാനും വലിയ പരിധി വരെ കഴിയും. എള്ള് എങ്ങനെ കഴിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ട. ചപ്പാത്തിയിലോ മറ്റ് പലഹാരങ്ങളിലോ ഒക്കെ എള്ള് ചേര്‍ക്കാം. അതുപോലെ തന്നെ സലാഡുകളില്‍ എള്ള് ചേര്‍ത്ത് കഴിക്കാം. പച്ചക്കറിയോ പഴങ്ങളോ അങ്ങനെ എന്തുമാകട്ടെ സലാഡിന്റെ പ്രധാന ചേരുവ, അവസാനം ഒരല്‍പം എള്ള് വിതറിയിട്ട് കഴിക്കാം. 

Also Read:- വയറ് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യേണ്ടത്...

click me!