വണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ട് വേണോ? അറിയാം മൂന്ന് കാര്യങ്ങള്‍...

By Web TeamFirst Published Feb 2, 2021, 2:57 PM IST
Highlights

അമിതവണ്ണമുള്ളവരാണെങ്കില്‍ പോലും കഠിനമായ വര്‍ക്കൗട്ടിനും ഡയറ്റിനുമല്ല പ്രാധാന്യം കൊടുക്കേണ്ടത്, ആദ്യം കണക്കിലെടുക്കേണ്ടത് അവരവരുടെ സന്തോഷവും സംതൃപ്തിയുമാണെന്നാണ് വിദഗ്ധർ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തില്‍ ആരോഗ്യകരമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്‌സ് ആണ് ഇനി പങ്കുവയക്കുന്നത്

വണ്ണം കുറയ്ക്കാമെന്ന തീരുമാനത്തിലേക്ക് എത്തുമ്പോള്‍ തന്നെ ഉത്കണ്ഠ അനുഭവിച്ച് തുടങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടുകൊണ്ട് കഠിനമായ വര്‍ക്കൗട്ടോ 'സ്ട്രിക്ട് ഡയറ്റോ' കൊണ്ടുപോയിട്ട് കാര്യമില്ല, അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

അമിതവണ്ണമുള്ളവരാണെങ്കില്‍ പോലും കഠിനമായ വര്‍ക്കൗട്ടിനും ഡയറ്റിനുമല്ല പ്രാധാന്യം കൊടുക്കേണ്ടത്, ആദ്യം കണക്കിലെടുക്കേണ്ടത് അവരവരുടെ സന്തോഷവും സംതൃപ്തിയുമാണെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തില്‍ ആരോഗ്യകരമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്‌സ് ആണ് ഇനി പങ്കുവയക്കുന്നത്. 

ഒന്ന്...

ശാരീരികാധ്വാനം വണ്ണം കുറയ്ക്കാന്‍ അവശ്യം വേണ്ടുന്ന ഒന്നാണ്. എന്നാല്‍ ഏറെ പണിപ്പെട്ട്, ഓരോ നിമിഷവും വിഷമിച്ച് ഇത് ചെയ്യുന്നത് അത്ര നന്നല്ല. അതിനാല്‍ ശാരീരികാധ്വാനത്തിന് അവരവര്‍ക്ക് ഇഷ്ടം തോന്നുന്ന മാര്‍ഗം തെരഞ്ഞെടുക്കണം. ചിലര്‍ക്ക് അത് നടത്തമാകാം, ചിലര്‍ക്ക് ഓട്ടം, സൈക്ലിംഗ്, ജിമ്മിലെ പരിശീലനം, നീന്തല്‍- അങ്ങനെ താല്‍പര്യം കൂടി കണക്കിലെടുത്ത് വര്‍ക്കൗട്ട് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഫലവും കുറെക്കൂടി മെച്ചപ്പെട്ടതായിരിക്കും. 

രണ്ട്...

ഡയറ്റിന്റെ കാര്യമെത്തുമ്പോള്‍ പ്രോട്ടീനിനാലും ആരോഗ്യകരമായ കൊഴുപ്പിനാലും ഫൈബറിനാലും സമ്പുഷ്ടമായ ഭക്ഷണം വേണം തെരഞ്ഞെടുക്കാന്‍. പേശികള്‍ക്ക് കരുത്തേകാനും ഊര്‍ജ്ജമേകാനും ഇവ ആവശ്യമാണ്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേക ശ്രദ്ധയും കരുതലും പുലര്‍ത്തേണ്ടതാണ്.

മൂന്ന്...

മൂന്നാമതായി ശ്രദ്ധിക്കാനുള്ളത് ഉറക്കത്തിന്റെ ക്രമവും മാനസികോല്ലാസവുമാണ്. ഇവ രണ്ടും ആരോഗ്യത്തിന് അടിസ്ഥാനമായി ആവശ്യമുള്ള കാര്യങ്ങളാണ്. ഫിറ്റ്‌നസിന്റെ വിഷയത്തിലും ഇവ പ്രധാനം തന്നെ. അതിനാല്‍ വര്‍ക്കൗട്ടിനും ഡയറ്റിനുമൊപ്പം ഉറക്കവും മാനസികാരോഗ്യവും പ്രത്യേകം ശ്രദ്ധിക്കുക.

Also Read:- അമിതവണ്ണമുള്ളവരുടെ ശ്രദ്ധയ്ക്ക്; പുതിയ പഠനം പറയുന്നത്...

click me!