World Heart Day 2022: ഇന്ന് ലോക ഹൃദയ ദിനം; ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Sep 29, 2022, 7:13 AM IST
Highlights

ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. 

ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. 

'എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക' (Use Heart for every heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്കും എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തില്‍ ചെയ്യേണ്ടത്. 

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഹൃദയത്തെ സംരക്ഷിക്കാന്‍ ഇന്നുതന്നെ  പുകവലി ഉപേക്ഷിക്കുക.  ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.

രണ്ട്...

ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. 

മൂന്ന്...

ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല.  അതിനാല്‍ മതിയായ ഉറക്കം ലഭ്യമാക്കുക.   മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.

നാല്...

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രമിക്കുക. ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവയെ അകറ്റാനാന്‍ ഒരു പരിധി വരെ സഹായിക്കും. ഒപ്പം ഹൃദ്രോഗത്തെയും അകറ്റാന്‍ സഹായിച്ചേക്കാം.

അഞ്ച്...

മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.  

ആറ്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. 

Also Read: ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കുടിക്കാം ഈ ഒമ്പത് പാനീയങ്ങള്‍...

click me!