'ടോക്‌സിക്' ബന്ധങ്ങളില്‍ പെടുന്നത് മുഖസൗന്ദര്യത്തെ ബാധിക്കുമോ?

By Web TeamFirst Published Oct 15, 2021, 7:25 PM IST
Highlights

'ടോക്‌സിക്' ബന്ധങ്ങളിലൂടെ കടന്നുപോകുന്നവരെ സംബന്ധിച്ച് സമ്മര്‍ദ്ദം ( Stress ), ഉത്കണ്ഠ ( Anxitey) എന്നിവ എല്ലായ്‌പോഴും അനുഭവപ്പെടാം. ഈ രണ്ട് ഘടകങ്ങളും ശരീരസൗന്ദര്യത്തെയും ആരോഗ്യത്തെയും വളരെ പെട്ടെന്ന് തന്നെ പ്രതികൂലമായി ബാധിക്കുന്നവയാണ്

ദൈനംദിനജീവിതത്തിലെ നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും  (Daily Activities ) നമ്മുടെ ആരോഗ്യത്തിലൂടെ പ്രതിഫലിക്കാം. ഇതില്‍ ഡയറ്റോ വ്യായാമമോ പോലുള്ള ശാരീരികമായ വ്യവഹാരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് മനസിന്റെ വ്യവഹാരങ്ങളും. 

കടുത്ത മാനസികസമ്മര്‍ദ്ദം നേരിടുന്നൊരു വ്യക്തിക്ക് ഇത് മൂലം ശരീരഭാരം കൂടുകയോ കുറയുകയോ, ഉത്കണ്ഠ ( Anxiety ) മൂലം തലവേദന പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയോ ചെയ്‌തേക്കാം. 

ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെയും അവയുടെ പ്രവര്‍ത്തനങ്ങളെയും വെവ്വേറെയായി കാണുക സാധ്യമല്ല. അങ്ങനെയെങ്കില്‍ നമ്മള്‍ ഉള്‍പ്പെടുന്ന ഇടങ്ങള്‍, അവിടെ നമ്മള്‍ ഇടപെടുന്ന ആളുകള്‍, ബന്ധങ്ങള്‍ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെയും നേരിട്ടോ അല്ലാതെയോ ബാധിക്കാം. 

അത്തരത്തില്‍ 'ടോക്‌സിക്' ബന്ധങ്ങളില്‍ ( ഒരു വ്യക്തിക്ക് ആരോഗ്യകരമാകാതെ പോകുന്ന ബന്ധങ്ങള്‍) പെടുന്നവരില്‍ കാണപ്പെടുന്ന പ്രത്യക്ഷമായൊരു പ്രശ്‌നമാണ് മുഖത്തെ 'ഡാര്‍ക്ക് സര്‍ക്കിള്‍സ്'. കണ്ണിന് ചുറ്റുമായി കറുത്ത നിറം പടര്‍ന്ന് കണ്ണുകള്‍ ക്ഷീണിച്ചും കുഴിഞ്ഞും കാണപ്പെടുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍ കൊണ്ടും 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' രൂപപ്പെടാം. 

 

 

പ്രധാനമായും ഉറക്കമില്ലായ്മയാണ് ഇതിലേക്ക് മിക്കവരെയും നയിക്കുന്നത്. അതല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതമായ ജോലിഭാരം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഘടകങ്ങളും കാരണമാകാം. 

'ടോക്‌സിക്' ബന്ധങ്ങളിലൂടെ കടന്നുപോകുന്നവരെ സംബന്ധിച്ച് സമ്മര്‍ദ്ദം ( Stress ), ഉത്കണ്ഠ ( Anxitey) എന്നിവ എല്ലായ്‌പോഴും അനുഭവപ്പെടാം. ഈ രണ്ട് ഘടകങ്ങളും ശരീരസൗന്ദര്യത്തെയും ആരോഗ്യത്തെയും വളരെ പെട്ടെന്ന് തന്നെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെടുക, ഉറക്കമില്ലായ്മ മൂലം ക്ഷീണിക്കുക, ഭക്ഷണത്തിലെ കൃത്യമില്ലായ്മ കൊണ്ടുണ്ടാക്കുന്ന ഉദരപ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന ഉദര പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം 'ടോക്‌സിക്' ബന്ധങ്ങളിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്നു. 

ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക തന്നെയാണ് ഉചിതമെന്ന് മനശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചുകൊണ്ടും, മറ്റൊരാളുടെ/ മറ്റുള്ളവരുടെ അഭിരുചികള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയും മുന്നോട്ടുപോകുന്നവരെ സംബന്ധിച്ച് സ്വന്തം ആരോഗ്യവും മനസുഖവും തീര്‍ത്തും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഇത് ചുറ്റുമുള്ളവരെയും മോശമായി ബാധിക്കാം. അതിനാല്‍ 'ടോക്‌സിക്' ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുക. 

 

 

ആരോഗ്യകരമായ ഡയറ്റ്, ഉറക്കം, വ്യായാമം എന്നിവയെല്ലാം പതിവാക്കുക. മനസിന് സമ്മര്‍ദ്ദം നല്‍കുന്ന പെരുമാറ്റം ആരില്‍ നിന്ന് ഉണ്ടാകുന്നുവോ അവരെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇനി അത്തരം ആളുകളെ അകറ്റിനിര്‍ത്താന്‍ സാധിക്കാത്ത ജോലിസ്ഥലം പോലുള്ള ഇടങ്ങളാണെങ്കില്‍ അവിടെ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള പരിശീലനങ്ങള്‍ തേടേണ്ടതുണ്ടെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Also Read:- 'പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികതയ്ക്ക് പോണ്‍ സൈറ്റുകളില്‍ സ്ത്രീ കാഴ്ചക്കാര്‍ ഏറുന്നു'

click me!