വൈറസ് കടന്നുകൂടിയിട്ടുണ്ടോ?; വിവരങ്ങളറിയാന്‍ കൂടുതല്‍ പുതിയ തന്ത്രങ്ങളുമായി ചൈന

By Web TeamFirst Published May 11, 2020, 10:43 PM IST
Highlights

രോഗത്തിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ സൂചന പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ വച്ചുതന്നെയാണ് വിവിധ മേഖലകള്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നത്. മാസ്‌കും ഗ്ലൗസും സാമൂഹീകാകലവും നിര്‍ബന്ധമാക്കുന്നതിനോടൊപ്പം വ്യക്തികളുടെ ശരീരത്തിന്റെ താപനില കൃത്യമായി പരിശോധിച്ചുവരുന്നതിനുള്ള വിവിധ മാര്‍ഗങ്ങളും ചൈന സജ്ജീകരിച്ചുവരികയാണ്

ഇപ്പോള്‍ ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തുന്ന കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടം ചൈനയായിരുന്നു. ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്തെ ഒരു മാംസ മാര്‍ക്കറ്റാണ് വൈറസിന്റെ ഉറവിടമായി കരുതപ്പെടുന്നത്. ഇവിടെ നിന്നും തുടങ്ങിയ വൈറസിന്റെ യാത്ര പിന്നീട് ഏഷ്യ, യൂറോപ്പ്, മിഡിലീസ്റ്റ് രാജ്യങ്ങളെയെല്ലാം അപ്പാടെ വിഴുങ്ങിയെന്ന് തന്നെ പറയാം.

ലക്ഷക്കണക്കിന് പേരെയാണ് വിവിധ രാജ്യങ്ങളിലായി കൊറോണ കടന്നുപിടിച്ചത്. 2,83,000 പേരുടെ ജീവനും ഇത് കവര്‍ന്നു. ചൈനയിലാണെങ്കില്‍ 82,000ത്തിലധികം കൊവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 4,600ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.  

മാസങ്ങള്‍ തുടര്‍ന്ന പോരാട്ടത്തിനൊടുവില്‍ ചൈനയിപ്പോള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. സ്‌കൂളുകളും ഓഫീസുകളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണിവിടെ.

രോഗത്തിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ സൂചന പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ വച്ചുതന്നെയാണ് വിവിധ മേഖലകള്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നത്. മാസ്‌കും ഗ്ലൗസും സാമൂഹീകാകലവും നിര്‍ബന്ധമാക്കുന്നതിനോടൊപ്പം വ്യക്തികളുടെ ശരീരത്തിന്റെ താപനില കൃത്യമായി പരിശോധിച്ചുവരുന്നതിനുള്ള വിവിധ മാര്‍ഗങ്ങളും ചൈന സജ്ജീകരിച്ചുവരികയാണ്. 

അക്കൂട്ടത്തില്‍ ബെയ്ജിംഗിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കാന്‍ പുതിയൊരുപകരണം കൂടി പരീക്ഷിക്കുകയാണ് വിദഗ്ധര്‍. 24 മണിക്കൂറും കയ്യില്‍ കെട്ടാവുന്ന ഒരു ബ്രേസ്‍ലെറ്റ്. ഇതിലൂടെ താപനില കൃത്യമായി ഒരു ആപ്പില്‍ രേഖപ്പെടുത്തപ്പെടും. ഈ ആപ്പ് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമെല്ലാം എവിടെയിരുന്ന് വേണമെങ്കിലും മോണിട്ടര്‍ ചെയ്യാം.

Also Read:- വൈറസ് പകരാതിരിക്കാന്‍ പുതിയ 'ഐഡിയ'യുമായി സ്‌കൂള്‍ അധികൃതര്‍...

37.2 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തുന്ന പക്ഷം ആ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ നിരീക്ഷണത്തിലാക്കാം. പിന്നീട് കൊവിഡ് 19 സാന്നിധ്യമില്ലെന്ന് ഉറപ്പിക്കും വരെ നിരീക്ഷണം തുടരും. പ്രാഥമിക പരീക്ഷണം എന്ന നിലയ്ക്ക് ബെയ്ജിംഗിലെ ഫെഗ്ടായിലുള്ള 18 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ബ്രേസ്‍ലെറ്റ് വിതരണം ചെയ്തുകഴിഞ്ഞു. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വൈകാതെ ഇത് മറ്റിടങ്ങളിലും പ്രാവര്‍ത്തികമാകാനാണത്രേ ചൈനയുടെ നീക്കം.

Also Read:- കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

click me!