ആരോഗ്യം പൊന്നുപോലെ സൂക്ഷിക്കാം; പതിവായി ചെയ്യാവുന്ന അഞ്ച് 'സിമ്പിള്‍ ടിപ്സ്'....

By Web TeamFirst Published Sep 11, 2020, 9:50 PM IST
Highlights

ഡയറ്റിലുള്ള അശ്രദ്ധ, അനാരോഗ്യകരമായ രീതികള്‍ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ ഭക്ഷണരീതി മെച്ചപ്പെടുത്തുക എന്നത് തന്നെയാണ് ആരോഗ്യത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ ആദ്യം ചെയ്യേണ്ടുന്ന കാര്യം. ഇതിന് സഹായകമാകുന്ന, പതിവായി ചെയ്യാവുന്ന അഞ്ച് പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്

കൊറോണക്കാലമായതോടെ ആരോഗ്യത്തെ കുറിച്ചുള്ള ആധികളും ചര്‍ച്ചകളുമെല്ലാം ഏറെയാണ്. പ്രത്യേകിച്ച് രോഗ പ്രതിരോധ ശേഷിയെ കുറിച്ചാണ് അധികം സംസാരവും. നമുക്കറിയാം, നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആരോഗ്യത്തിന്റെ അടിത്തറ. 

ഡയറ്റിലുള്ള അശ്രദ്ധ, അനാരോഗ്യകരമായ രീതികള്‍ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ ഭക്ഷണരീതി മെച്ചപ്പെടുത്തുക എന്നത് തന്നെയാണ് ആരോഗ്യത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ ആദ്യം ചെയ്യേണ്ടുന്ന കാര്യം. ഇതിന് സഹായകമാകുന്ന, പതിവായി ചെയ്യാവുന്ന അഞ്ച് പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്. 

എല്ലാ വീടുകളിലും സാധാരണയായി കാണപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ മാത്രം ഉപയോഗിച്ച് ലളിതമായി നമുക്ക് ആരോഗ്യ പരിരക്ഷയാകാം. ഈ അഞ്ച് പൊടിക്കൈകളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായകമാണ്. 

ഒന്ന്...

നിങ്ങളുടെ ഡയറ്റില്‍ പതിവായി അല്‍പം 'കോള്‍ഡ് പ്രസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍' ഉള്‍പ്പെടുത്തുക. 

 

 

കുക്കിംഗ് ഓയില്‍ ആയി ഉപയോഗിക്കുന്നതിന് പകരം സലാഡിലോ, കാപ്പിയിലോ, ചായയിലോ 'ടോപ്പിംഗ്' ആയി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ചിര്‍ രാവിലെ എഴുന്നേറ്റയുടന്‍ തന്നെ രണ്ട് സ്പൂണ്‍ 'വിര്‍ജിന്‍ കോക്കനട്ട് ഓയില്‍' കഴിക്കാറുണ്ട്. അതും വളരെ നല്ലത് തന്നെ. 

രണ്ട്...

ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക. ശ്രദ്ധിക്കുക, ഒരുപാട് പാകം ചെയ്ത വെളുത്തുള്ളി പല വിധത്തിലും ഗുണം നഷ്ടപ്പെട്ടതായിരിക്കും, അതിനാല്‍ ദീര്‍ഘനേരം വെളുത്തുള്ളി പാകം ചെയ്യാതിരിക്കുക. ഇതിന് ഏറ്റവും നല്ലത്, വെളുത്തുള്ളി ചേര്‍ത്തുള്ള ചട്ണികളോ, ഡിപ്പുകളോ ഒക്കെ ഉണ്ടാക്കുന്നതാണ്. അതല്ലെങ്കില്‍ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതും നല്ലതാണ്. 

സൂക്ഷ്മാണുക്കള്‍ക്കെതിരെ പോരാടാനുള്ള വെളുത്തുള്ളിയുടെ കഴിവ് അപാരമാണ്. അതുപോലെ തന്നെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി ഏറെ സഹായകമാണ്. 

മൂന്ന്...

ആപ്പിള്‍ സൈഡന്‍ വിനിഗറിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടുകാണും. ഇതും പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഒന്ന് മുതല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വരെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് കഴിക്കേണ്ടത്. 

 

 

വണ്ണം കുറയ്ക്കാനും, ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇത് ഏറെ സഹായകമാണ്. 

നാല്...

കറുവാപ്പട്ടയില്ലാത്ത വീടുകള്‍ കാണില്ല. നോണ്‍-വെജ് വിഭവങ്ങളിലെല്ലാം മിക്കവാറും നമ്മള്‍ കറുവാപ്പട്ട ചേര്‍ക്കാറുണ്ട്. ഇത് പൊടിച്ചെടുത്ത് സൂക്ഷിച്ച്, എല്ലാ ദിവസവും അര സ്പൂണ്‍ മുതല്‍ ഒരു സ്പൂണ്‍ വരെ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായിക്കും. 

ചായയിലോ കാപ്പിയിലോ ചേര്‍ത്തോ സലാഡിലോ സ്മൂത്തികളിലോ 'ടോപ്പിംഗ്' ആയി ചേര്‍ത്തോ ഒക്കെ കറുവാപ്പട്ട പൊടിച്ചത് കഴിക്കാം. 

അഞ്ച്...

മഞ്ഞള്‍പ്പൊടിയുടെ ഗുണങ്ങളെ പറ്റി മിക്കവര്‍ക്കും അറിയാവുന്നതാണ്. വീട്ടില്‍ സദാസമയവും ലഭ്യമായ ഒരു ഔഷധം എന്ന നിലയ്ക്കാണ് നമ്മള്‍ മഞ്ഞള്‍പ്പൊടിയെ കാണുന്നത് തന്നെ. എങ്കിലും സാധാരണഗതിയില്‍ വിഭവങ്ങളില്‍ ഒരു ചേരുവ എന്ന നിലയ്ക്കാണ് നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത്. 

 

 

ഈ പതിവില്‍ നിന്ന് മാറി വെള്ളത്തിലോ പാലിലോ അല്‍പം മഞ്ഞള്‍പ്പൊടി കലക്കി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും എന്നതിന് പുറമെ തൊണ്ടയടപ്പ്, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും ഇത് സഹായകമാണ്. 

Also Read:- പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്...

click me!