
വലിയൊരു ഇടവേളയ്ക്ക് ശേഷം ടിബി (ട്യൂബര്‍ക്കുലോസിസ്) അഥവാ ക്ഷയരോഗം ശക്തമായി തിരിച്ചെത്തുകയാണെന്ന സൂചന പങ്കുവച്ച് ലോകാരോഗ്യ സംഘടന. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തെ താഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ ടിബി കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ആഗോളതലത്തില്‍ കാണുന്നതെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് 19 ഇതില്‍ വലിയ രീതിയില്‍ സ്വാധീനഘടകമായി മാറിയിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം തിരിച്ചെത്തുന്നു എന്ന് മാത്രമല്ല, മരണനിരക്ക് ഉയര്‍ന്നതും ഏറെ ആശങ്കപ്പെടുത്തുന്ന സംഗതിയാണ്.
2021ല്‍ മാത്രം പത്തരലക്ഷത്തിലധികം പോരാണ് ലോകമെമ്പാടുമായി ടിബി ബാധിച്ച് മരിച്ചത്. വളരെയധികം ജാഗ്രത പാലിക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യേണ്ട വിഷയമാണിതെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്.
2019, 2020 വര്‍ഷങ്ങളിലെ കണക്കെടുക്കുമ്പോള്‍ 2021 ആയപ്പോഴേക്കും ടിബി മരണനിരക്ക് വര്‍ധിച്ചുവരിക തന്നെയാണ്. 2005- 2019 വരെയുള്ള ഗീര്‍ഘകാലത്തിന് ശേഷമാണ് ടിബി സജീവമായി തിരിച്ചുവരുന്നതും.
ബാക്ടീരിയ മൂലം പടരുന്ന രോഗമാണ് ടിബി. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചികിത്സയിലൂടെ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്താൻ ഇന്ന് സാധിക്കും. എങ്കിലും മരണനിരക്ക് വര്‍ധിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്.
ചില രാജ്യങ്ങളിലാണ് കാര്യമായും ടിബി കേസുകളിലും മരണനിരക്കിലും വര്‍ധനവുണ്ടാകുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലീപ്പീന്‍സ്, പാക്കിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേഷ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് ടിബി കേസുകള്‍ ഉയരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ ചെറുതല്ലെന്നും സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി വരുന്ന ആരോഗ്യമേഖലയിലെ വെല്ലുവിളികളും കടുത്ത തിരിച്ചടിയാകുമെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
Also Read:- നാവില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണേ; പരിശോധനയും നടത്താം...