Latest Videos

Dengue Fever : 'ഡെങ്കിപ്പനി ബാധിച്ചവരില്‍ വ്യാപകമായി കാണുന്ന മറ്റൊരു പ്രശ്നം'

By Web TeamFirst Published Oct 27, 2022, 9:12 PM IST
Highlights

ഈ വര്‍ഷം ഒക്ടോബര്‍ വരെ ആകെ ദില്ലിയില്‍ വന്നത് 939 ഡെങ്കു കേസുകളാണ്. എന്നാല്‍ ഒക്ടോബറില്‍ മാത്രം 900 കേസുകള്‍ കൂടി വന്നതോടെ ആകെ കേസുകള്‍ ഏതാണ്ട് ഇരട്ടിയായി. 

രാജ്യത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ കാര്യമായ തോതില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുൻവര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നിച്ച് ഒരുപാട് രോഗികള്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കാണുന്നത്.

ഡെങ്കിപ്പനിക്ക് പ്രത്യേകമായ ചികിത്സയില്ലെങ്കിലും രോഗമുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളെ ഓരോന്നിനെയും ചികിത്സിക്കാനുള്ള സാധ്യതകളാണ് തേടുക. ഇതില്‍ രക്തകോശങ്ങളുടെ അളവില്‍ അപകടകരമാം വിധം മാറ്റം വരുന്നതാണ് ഡെങ്കു രോഗികളില്‍ കാണുന്നൊരു പ്രധാന പ്രശ്നം. ഇത് പരിഹരിക്കാൻ ചികിത്സയുണ്ട്.

എന്നാലിപ്പോള്‍ ഡെങ്കിപ്പനി ബാധിച്ചെത്തിയ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്നത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് ദില്ലിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. വ്യാപകമായ രീതിയിലാണ് ദില്ലിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒക്ടോബറില്‍ മാത്രം 900 ഡെങ്കു കേസുകളാണത്രേ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ഈ വര്‍ഷം ഒക്ടോബര്‍ വരെ ആകെ ദില്ലിയില്‍ വന്നത് 939 ഡെങ്കു കേസുകളാണ്. എന്നാല്‍ ഒക്ടോബറില്‍ മാത്രം 900 കേസുകള്‍ കൂടി വന്നതോടെ ആകെ കേസുകള്‍ ഏതാണ്ട് ഇരട്ടിയായി. 

ഇതില്‍ ഒരു വിഭാഗം പേരില്‍ കരളിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാണെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതും വളരെ ഗൗരവമുള്ള രീതിയില്‍ തന്നെയാണ് കരളിലെ പ്രശ്നമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ രക്തക്കുഴലുകളില്‍ നിന്ന് രക്തത്തിലെ പ്ലാസ്മ പുറത്തേക്ക് ലീക്ക് ആയിപ്പോകുന്ന 'കാപില്ലറി ലീക്ക്' എന്ന അപൂര്‍വാവസ്ഥയും പല ഡെങ്കു രോഗികളില്‍ കാണുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. 

'അധികവും ചെറുപ്പക്കാരായ രോഗികളിലാണ് ഈ പ്രശ്നങ്ങള്‍ കാണുന്നത്. 20 മുതല്‍ 40 വയസ് വരെ വരുന്നവരില്‍. ഒരുപക്ഷേ ഏറ്റവുമധികം ജോലി ചെയ്യുന്ന വിഭാഗം ഇവരായതിനാലാകാം ഇവരില്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ കാണുന്നത് എന്നാണ് നിലവിലെ അനുമാനം...'- ദില്ലിയില്‍ നിന്നുള്ള ഡോ. സുമിത് റായ് പറയുന്നു. 

രോഗപ്രതിരോധ വ്യവസ്ഥയിലെ പ്രശ്നങ്ങളോ അല്ലെങ്കില്‍ കൊവിഡോ ആകാം ഇത്തരത്തില്‍ ഡെങ്കുവിനെ തുടര്‍ന്ന് കരള്‍ ബാധിക്കപ്പെടുന്നതിനോ കാപില്ലറി ലീക്ക് ഉണ്ടാകുന്നതിനോ കാരണമായി വരുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ ഡെങ്കു രോഗികളില്‍ കരള്‍ ബാധിക്കപ്പെടാം. എന്നാലിത്രയും ഗുരുതരമായും, ഇത്രയധികം രോഗികളിലും ബാധിക്കപ്പെടുന്നത് സാധാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

Also Read:- എന്തുകൊണ്ട് കൊതുകുകള്‍ ചിലരെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നു?

click me!