
ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ അല്ലെങ്കിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ടൈപ്പ് 2 പ്രമേഹം. ഇതിൻ്റെ ഫലമായി, ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി പഞ്ചസാര (ഗ്ലൂക്കോസ്) കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പകരം രക്തത്തിൽ അടിഞ്ഞുകൂടുന്നു. പ്രമേഹബാധിതരായവരിൽ 90 ശതമാനത്തിലധികവും ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്.
ഇൻസുലിൻ പ്രതിരോധം ആണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണമാകുന്നത്. ഒരു വ്യക്തിയുടെ ശരീരം ഇൻസുലിനോട് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കാതാകുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും കാലക്രമേണ അത് ടൈപ്പ് 2 പ്രമേഹമായി മാറുകയും ചെയ്യുന്നു.
ഒരു വ്യക്തിക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ രോഗാവസ്ഥകളോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളെയാണ് 'റിസ്ക് ഫാക്ടറുകൾ' (risk factors) എന്ന് വിളിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യമെടുത്താൽ, ഈ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പാരമ്പര്യം എന്നിവയെല്ലാം അപകടഘടകങ്ങളാണ്.
ശരീരഭാരം കുറയ്ക്കൽ, ഭക്ഷണ നിയന്ത്രണം, പതിവ് വ്യായാമങ്ങൾ എന്നിവയിലൂടെയാണ് ടൈപ്പ് 2 ചികിത്സ ആരംഭിക്കുന്നത്. പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുന്ന ഒരു കൂട്ടം മരുന്നുകളാണ് സൾഫോണിലൂറിയകൾ. മെറ്റ്ഫോർമിൻ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും കരളിൽ ഗ്ലൂക്കോസിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.
ടെെപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
ദാഹം കൂടുക
അമിതമായി മൂത്രമൊഴിക്കാൻ തോന്നുക
ക്ഷീണം
ഭാരം കുറയൽ
മങ്ങിയ കാഴ്ച
ജനനേന്ദ്രിയത്തിലെ ചൊറിച്ചിൽ അല്ലെങ്കിൽ പതിവ് യുടിഐ ലക്ഷണങ്ങൾ
മുറിവുകൾ ഉണങ്ങുന്നത് മന്ദഗതിയിലാകുക
അമിത വിശപ്പ്
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണെങ്കിൽ ടൈപ്പ് 2 പ്രമേഹം ഒരു പരിധിവരെ തടയാവുന്നതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ടൈപ്പ് 2 പ്രമേഹം തടയുന്നതിനുള്ള മറ്റ് ചില മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:
ആരോഗ്യകരമായ ഭാരം നിലനിർത്തുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക
സമീകൃതാഹാരം ശീലമാക്കുക
പുകവലി ഉപേക്ഷിക്കുക
മദ്യപാനം പരിമിതപ്പെടുത്തുക
സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam