'പ്രമേഹമുള്ളവരില്‍ ഭാവിയില്‍ ക്യാൻസര്‍ സാധ്യത?'; പഠനം പറയുന്നത് കേള്‍ക്കൂ...

Published : Sep 21, 2022, 08:32 PM IST
'പ്രമേഹമുള്ളവരില്‍ ഭാവിയില്‍ ക്യാൻസര്‍ സാധ്യത?'; പഠനം പറയുന്നത് കേള്‍ക്കൂ...

Synopsis

ആറര ലക്ഷത്തോളം ടൈപ്പ്-2 പ്രമേഹരോഗികളെ ഉള്‍ക്കൊള്ളിച്ച് ഏഴ് വര്‍ഷം നീണ്ട പഠനമാണ് ഗവേഷകര്‍ നടത്തിയത്. പഠനത്തിന്‍റെ തുടക്കത്തില്‍ എല്ലാവര്‍ക്കും ടൈപ്പ്-2 പ്രമേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പ്രമേഹരോഗത്തെ കുറിച്ച് അറിയാത്തവര്‍ കാണില്ല. പ്രമേഹം പ്രധാനമായും രണ്ട് ടൈപ്പ് ഉണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് വേര്‍തിരിച്ചെടുക്കാന്‍ കോശങ്ങളെ സഹായിക്കുന്നത് ഇൻസുലിൻ ഹോര്‍മോൺ ആണ്. 

ഇൻസുലിൻ ഹോര്‍മോൺ ഉത്പാദനം കുറയുന്ന സാഹചര്യത്തില്‍ ഗ്ലൂക്കോസ് എടുക്കുന്നത് കുറയുകയും തന്നിമിത്തം രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇൻസുലിൻ ആവശ്യത്തിനുണ്ടെങ്കിലും അത് കോശങ്ങള്‍ക്ക് ഉപയോഗപ്പെടുത്താൻ പറ്റാതെ പോകുന്ന സാഹചര്യമുണ്ട്. ഇവിടെയും രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടുക തന്നെയാണ് ചെയ്യുന്നത്. ഇതാണ് ടൈപ്പ്-1 പ്രമേഹവും, ടൈപ്പ്- 2 പ്രമേഹവും. 

ഇതില്‍ ടൈപ്പ്- 2 പ്രമേഹവുമായി ബന്ധപ്പെട്ട് വന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹം ക്രമേണ ഹൃദ്രോഗം, വൃക്ക രോഗം, പക്ഷാഘാതം പോലുള്ള പല അവസ്ഥകളിലേക്കും രോഗിയെ എത്തിക്കാം. ഇതിനൊപ്പം തന്നെ ചില ക്യാൻസറുകള്‍ക്കും സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. വെറുതെയല്ല, ടൈപ്പ്- 2 പ്രമേഹമുള്ളവരുടെ ജീവിതരീതികളിലെ ചില പിഴവുകള്‍ കൂടി ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. 

ഡെന്മാര്‍ക്ക്- സ്വീഡൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാൻസര്‍, മലാശയസംബന്ധമായ ക്യാൻസര്‍ എന്നീ ക്യാൻസറുകള്‍ക്കാണത്രേ ഈ വിഭാഗക്കാരില്‍ സാധ്യത കൂടുതല്‍. 

ആറര ലക്ഷത്തോളം ടൈപ്പ്-2 പ്രമേഹരോഗികളെ ഉള്‍ക്കൊള്ളിച്ച് ഏഴ് വര്‍ഷം നീണ്ട പഠനമാണ് ഗവേഷകര്‍ നടത്തിയത്. പഠനത്തിന്‍റെ തുടക്കത്തില്‍ എല്ലാവര്‍ക്കും ടൈപ്പ്-2 പ്രമേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പഠനത്തിന്‍റെ വിവിധ ഘട്ടങ്ങളിലായി മുപ്പത്തിരണ്ടായിരത്തിലധികം പേരില്‍ നേരത്തേ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ട ക്യാൻസറുകള്‍ പിടിപെട്ടുവത്രേ.

ഇതില്‍ പുകവലിക്കുന്നവരിലും വ്യായാമം ചെയ്യാത്തവരിലുമാണ് ക്യാൻസര്‍ ബാധ ഏറെയും കണ്ടതെന്നും പഠനം എടുത്തുപറയുന്നു. ജീവിതരീതികളിലെ ഈ രണ്ട് പോരായ്കകളും ടൈപ്പ്-2 പ്രമേഹമുള്ളവരുടെ ജീവൻ എളുപ്പത്തില്‍ കവര്‍ന്നെടുക്കാൻ ഇടയാക്കുമെന്നാണ് പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 

ടൈപ്പ്-2 പ്രമേഹമുള്ളവരില്‍ പുകവലിയുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് മരണത്തിലെത്താനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനം വിലയിരുത്തുന്നത്. ഇവരുടെ പഠനത്തില്‍ പങ്കെടുത്ത രോഗികളുടെ വിശദാംശങ്ങള്‍ വച്ചുതന്നെയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പുകവലി കഴിഞ്ഞാല്‍ പിന്നെ വില്ലനാകുന്നത് വ്യായാമമില്ലായ്മയാണ്. ഈ രണ്ട് ശീലങ്ങളും ഉള്ള ടൈപ്പ്- 2 പ്രമേഹരോഗികളിലാണ് ക്യാൻസര്‍ സാധ്യതയും അതുമൂലമുള്ള മരണസാധ്യതയും വര്‍ധിക്കുന്നത്.

പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ജീവിതരീതികളില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഈ പഠനവും നടത്തുന്നത്. 

Also Read:-  'കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നു'; പുതിയ പഠനം

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം