പ്രമേഹം എന്ന വില്ലൻ; അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ

By Web TeamFirst Published Mar 18, 2019, 11:23 AM IST
Highlights

ജീവിതശൈലിയില്‍ വന്ന മാറ്റം തന്നെയാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാനകാരണം. പാന്‍ക്രിയാസില്‍, ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് തകരാർ സംഭവിക്കുന്നതോടെ പ്രമേഹം പിടിപെടുന്നു. പാരമ്പര്യഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് പ്രമേ​ഹം പിടിപെടാനുള്ള പ്രധാനകാരണങ്ങൾ.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്. 

 ടൈപ്പ്  1  പ്രമേഹം...

കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത്തരം പ്രമേഹം കൂടുതലായും കണ്ടു വരുന്നത് . ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കപെടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപെടുകയും തത്ഫലമായി ഇത്തരക്കാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തിവയ്പ്പുകൾ ദിവസവും ഇവർക്ക്  അത്യന്താ പേക്ഷിതമാണ് . ഇൻസുലിൻ കുത്തിവയ്പ്പില്ലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ സാധ്യമല്ല . മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ .

 ടൈപ്പ്  2 പ്രമേഹം...

95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിനു മുകളിൽ  ഉള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് . ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.

ഗർഭകാല പ്രമേഹം...

ചില സ്ത്രീകളിൽ ഗർഭകാലത്ത് താത്കാലികമായി പ്രത്യക്ഷപെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനേയും ഒരു പോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉള്ളവരാണ് . ഇൻസുലിൻ കൊണ്ട് മാത്രം ചികിത്സിക്കേണ്ട ഈ രോഗം സാധാരണ പ്രസവാനന്തരം മിക്കവരിലും സുഖം പ്രാപിക്കാറുണ്ട് . എന്നാൽ ഇത്തരക്കാർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രധാന ലക്ഷണങ്ങള്‍ ...

അമിതഭാരം, അമിതവിശപ്പ് ,ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ,  ക്ഷീണം , അലസത ,ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹ രോഗ ലക്ഷണങ്ങൾ . കൂടാതെ കാഴ്ച മങ്ങൽ, സ്വകാര്യഭാ​ഗങ്ങളിൽ  ചൊറിച്ചിൽ, മുറിവുകൾ ഉണങ്ങുവാനുള്ള  കാലതാമസം മുതലായവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം. എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല.  

 വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയ്ക്കുകയും നിര്‍വീക്കത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ കുറയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഗണ്യമായ വർധനവുണ്ടാവുന്നതുമാണ് പ്രമേഹത്തിന് കാരണമാകുന്നത്.

click me!