കൊവിഡ് 19 : സഹപാഠികൾക്ക് ഹാൻഡ് സാനിറ്റൈസർ കരിഞ്ചന്ത നിരക്കിൽ വിറ്റതിന് യുകെയിൽ വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ

By Web TeamFirst Published Mar 12, 2020, 10:25 AM IST
Highlights

ഈ വിവരം ഒലിവറിന്റെ രണ്ടാനച്ഛനെ അറിയിച്ച് അവനെ ഒന്ന് വഴക്കുപറയാൻ പറഞ്ഞപ്പോൾ ഒലിവറിന്റെ ബിസിനസ് സ്കില്ലിനെ അഭിനന്ദിക്കുകയാണ് അയാൾ ചെയ്തത്.


കൊവിഡ് 19 വ്യാപകമായി പടർന്നതോടെ ആദ്യം വിപണിയിൽ നിന്ന് അപ്രത്യക്ഷമായ സാധനങ്ങളാണ് മാസ്കും, ഹാൻഡ് സാനിറ്റൈസറും. ഇവ പൂഴ്ത്തിവെച്ച് നാലും അഞ്ചും ഇരട്ടി വിലയ്ക്ക് വിറ്റ് കരിഞ്ചന്ത ലാഭമുണ്ടാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അവരിൽ പലരെയും പൊലീസ് അറസ്റ്റു ചെയ്യുന്നുമുണ്ട്. കൊവിഡ് 19 ഒരു ബിസിനസ് ഓപ്പർച്യുണിറ്റി ആയി കണ്ടുകൊണ്ട് അതിൽ നിന്ന് കൊള്ളലാഭം കൊയ്യാൻ ഇറങ്ങിപ്പുറപ്പെട്ട് ഒടുവിൽ പണി കിട്ടിയവരിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിയും പെടും. 

യുകെയിലെ ലീഡ്‌സിലുള്ള ഡിക്‌സൺസ് യൂണിറ്റി അക്കാദമിയിൽ പഠിക്കുന്ന ഒലിവർ കൂപ്പർ എന്ന ഈ 13 വയസുകാരന്റെ കച്ചവടത്തിലെ മിടുക്ക് കണ്ടാൽ ആരും ഞെട്ടിപ്പോകും. അവൻ ചെയ്തത് വളരെ ലളിതമായ ഒരു ബിസിനസാണ്. ഹാൻഡ് സാനിറ്റൈസർ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനു മുമ്പ് ടെസ്‌കോ സൂപ്പർമാർട്ടിൽ  നിന്ന് അഞ്ചാറ് സ്പ്രേ ബോട്ടിൽ അവൻ വാങ്ങി വെച്ചു. ഒരു സ്പ്രേ ബോട്ടിലിന് യുകെയിലെ വില ഏകദേശം £1.60 ആണ്. നമ്മുടെ നാട്ടിലെ നിരക്കിൽ ഏകദേശം 150 രൂപ. അതിനു ശേഷം അവൻ അതിനെ സ്‌കൂളിലെ കൊവിഡ് 19 ഭീതിയുള്ളവർക്കിടയിൽ മാർക്കറ്റ് ചെയ്തു. ഇടയ്ക്കിടെ കയ്യിൽ സാനിറ്റൈസർ തളിച്ച് കൈ കഴുകിയാൽ കൊവിഡ് 19 ബാധിക്കില്ല എന്നുള്ള അവന്റെ ബോധവൽക്കരണത്തിൽ പലരും അവനിൽ നിന്ന് സാനിറ്റൈസർ  വാങ്ങാൻ തയ്യാറായി. ലൂസായിട്ടായിരുന്നു അവന്റെ വില്പന. ഒരുവട്ടം കൈവെള്ളയിൽ ഹാൻഡ് സാനിറ്റൈസർ സ്പ്രേ ചെയ്തു നൽകുന്നതിന് 50p അതായത് ഏകദേശം 47 രൂപയാണ് അവൻ സഹപാഠികളിൽ നിന്ന് ഈടാക്കിയത്. 

 

 

സ്‌കൂളിൽ കൊവിഡ് 19 ഭീതിയുണ്ടായിരുന്നവർ ധാരാളമുണ്ടായിരുന്നതിനാൽ ആദ്യ ബോട്ടിൽ വളരെ പെട്ടെന്നുതന്നെ വിറ്റുതീർന്നു. പലരും തങ്ങളുടെ പോക്കറ്റ് മണിയിൽ നിന്ന്  50p നാണയങ്ങൾ തങ്ങളെ അല്പനേരത്തേക്കെങ്കിലും കൊവിഡ് 19 -ൽ നിന്ന് രക്ഷിച്ചു നിർത്താൻ വേണ്ടി ചെലവിട്ടു. അങ്ങനെ,  ഈ നിരക്കിൽ ഒരു ബോട്ടിൽ ഹാൻഡ് സാനിറ്റൈസർ വിറ്റു തീർന്നപ്പോഴേക്കും ഒലിവറിന് ഏകദേശം £9 (INR 863) വരുമാനമുണ്ടായി. അതായത് മുടക്കുമുതലിന്റെ അഞ്ചരയിരട്ടിയോളം. 

എന്നാൽ ഇന്റർവെൽ വേളകളിലും ലഞ്ച് ബ്രെക്കിലും ഒക്കെയായി ഒലിവറിന്റെ സാനിറ്റൈസർ വില്പന പൊടിപൊടിക്കുന്നതിനിടെ ഒലിവർ കാണിച്ച ഒരു അബദ്ധമാണ് അവനെ കുടുക്കിയത്. വിറ്റുവിറ്റ് വരാന്തയിലൂടെ പോയ ടീച്ചർമാരിൽ ഒരാൾക്കും അവൻ തന്റെ പ്രോഡക്റ്റ് ഓഫർ ചെയ്തു. സ്റ്റാഫ് റൂമിൽ ആവശ്യത്തിന് ഹാൻഡ് സാനിറ്റൈസർ ഉണ്ട് എന്ന് മറുപടി കൊടുത്ത ടീച്ചർ ഒപ്പം ഒരു കാര്യം കൂടി അവനോട് പറഞ്ഞു, " ഇത് സ്‌കൂളാണ്. ചന്തയല്ല. ഇവിടെ സാധനം വിൽക്കാനൊന്നും അനുവാദമില്ല. കം റ്റു ദ പ്രിൻസിപ്പൽസ് റൂം..."

പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെന്ന ഒലിവറിനെ കാത്തിരുന്നത് ഒരുദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തുകൊണ്ടും, രക്ഷിതാക്കളെയും കൊണ്ട് വരാൻ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ലെറ്റർ ആണ്. എന്നാൽ, ഈ ലെറ്റർ കിട്ടിയ ഒലിവറിന്റെ അമ്മ പറയുന്നത് ഇങ്ങനെ," ഞാൻ എന്ത് പറയാനാ, ഈ വിവരം ഒലിവറിന്റെ രണ്ടാനച്ഛനെ അറിയിച്ച് അവനെ ഒന്ന് വഴക്കുപറയാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഒലിവർ ഒരു ജീനിയസ് ആണെന്നാണ്. അവന്റെ ബിസിനസ് സ്കില്ലിനെ അഭിനന്ദിക്കുകയാണ് അയാൾ ചെയ്തത്. അവൻ ചെയ്തത് അത്ര വലിയ തെറ്റൊന്നുമല്ല എന്നാണ് അവന്റെ അച്ഛൻ പറഞ്ഞത്" 

 

 

" ഞാൻ തെറ്റ് ചെയ്തതായി തോന്നുന്നില്ല, ഇവിടെ എത്രയോ പിള്ളേർ മാർക്കറ്റിലേതിനേക്കാൾ കൂടിയ വിലക്ക് ച്യൂയിങ് ഗമ്മും, പെൻസിലും, റബ്ബറുമൊക്കെ വിൽക്കുന്നുണ്ട്. അവർക്കൊന്നും എതിരെ നടപടിയെടുക്കാത്തതെന്താ?" എന്നാണ് ഒലിവറും ചോദിക്കുന്നത്. 

എന്തായാലും, മാരകമായ ഒരു പകർച്ച വ്യാധി നാട്ടിൽ പരക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആവശ്യം വേണ്ടുന്ന സാനിറ്റൈസർ പോലുള്ള വസ്തുക്കൾ ഹോൾസെയിലിൽ വാങ്ങി വെച്ച് ഇങ്ങനെ കരിഞ്ചന്തയ്ക്ക് വിൽക്കുന്നത് നീതീകരിക്കാവുന്നതല്ല എന്ന് ഒലിവറിന്റെ സ്‌കൂൾ അധികൃതർ പറഞ്ഞു. കൊള്ള ലാഭത്തിനോ അല്ലയോ എന്നത് മാത്രമല്ല വിഷയം,  'സ്‌കൂളിലെ വിദ്യാർഥികൾ സ്‌കൂളിൽ വരുന്നത് പഠിക്കാനാണ്, കച്ചവടത്തിനല്ല, സ്‌കൂളിൽ കുട്ടികളുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള വില്പനകളും അനുവദിക്കുന്നതല്ല' എന്നതാണ് സ്‌കൂളിന്റെ നയം. 

എന്തായാലും, ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെഴുതി നൽകി എങ്ങനെയും സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് ഒലിവർ. ഇപ്പോൾ നീയൊരു കുഞ്ഞാണ് ബിസിനസിനൊക്കെ ഇനിയും സമയമുണ്ട് എന്ന് മകനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് അമ്മയും. 

 

click me!