ഇറ്റലിയിൽ നിന്ന് കൊവിഡ് ബാധയുമായി യുകെയില്‍ തിരിച്ചെത്തിയ സർജൻ ഓപ്പറേഷൻ നടത്തിയത് ഒരാഴ്ചയോളം, ഗുരുതരമായ വീഴ്ച

By Web TeamFirst Published Mar 11, 2020, 3:05 PM IST
Highlights

കൊവിഡ് 19 ബാധിതമായ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സ്വാഭാവികമായും സ്വയം ഐസൊലേറ്റ് ചെയ്ത് പരിശോധനകളിൽ മുഴുകേണ്ട ഇയാൾ ചെയ്തത് നേരെ ചെന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുകയാണ്. 

ലിവർപൂളിലെ ഐൻട്രീ പട്ടണത്തിലെ ആശുപത്രിയിൽ സർജ്ജനായി സേവനം അനുഷ്ടിച്ചിരുന്ന ഒരു ഡോക്ടർക്ക് തിങ്കളാഴ്ച കൊവിഡ് 19  സ്ഥിരീകരിക്കപ്പെട്ടു. അതോടെ ലിവർപൂളിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട അഞ്ചാമത്തെ ആളായി ഈ ഡോക്ടർ. എന്നാൽ, ഈ ഡോക്ടർക്കുമേൽ ഇപ്പോൾ ഗുരുതരമായ കൃത്യവിലോപത്തിന്റെ ആരോപണവും ഉയർന്നു വന്നിരിക്കുകയാണ്. ഒരാഴ്ചമുമ്പാണ് ഇയാൾ ഇറ്റലി സന്ദർശനം കഴിഞ്ഞ് ലിവർപൂളിൽ തിരിച്ചെത്തിയത്. കൊവിഡ് 19 ബാധിതമായ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സ്വാഭാവികമായും സ്വയം ഐസൊലേറ്റ് ചെയ്ത് പരിശോധനകളിൽ മുഴുകേണ്ട ഇയാൾ ചെയ്തത് നേരെ ചെന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുകയാണ്. 

അടുത്ത ഒരാഴ്ചക്കാലം ഈ ഡോക്ടർ ആശുപത്രിയിൽ നടന്ന നിരവധി സർജറികളിൽ പങ്കെടുത്തു. നിരവധി രോഗികളെ തന്റെ ക്ലിനിക്കിൽ പരിശോധിക്കുകയും ചെയ്തു. ഇപ്പോൾ ഇറ്റലിയിൽ നിന്ന് വന്നിറങ്ങി ഒരാഴ്ച കഴിഞ്ഞ് ഈ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചക്കാലം ഡോക്ടറുടെ സേവനങ്ങൾ സ്വീകരിച്ച രോഗികളും, ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഒക്കെ തങ്ങൾക്കു അസുഖം പകർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ്. 

ഈ വിഷയത്തിൽ ആരോഗ്യരംഗത്തെ പ്രവർത്തകർക്കിടയിൽ ഡോക്ടർ കൈക്കൊണ്ട നടപടിക്കെതിരെ അമർഷം പുകയുകയാണ്. കൊവിഡ് 19 പോലുള്ള ഒരു അസുഖം പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് തിരികെ വന്നാൽ, സ്വയം ഐസൊലേഷനിലേക്ക് മാറേണ്ടതാണ് ഒരു ഡോക്ടർ എന്ന നിലയിൽ ഈ സർജൻ. അതിനു തയ്യാറാകാതെ അയാൾ, ഒരു പരിശോധനയ്ക്കും വിധേയമാകാതെ നേരെ ജോലിക്ക് കയറുകയാണുണ്ടായത്. ഈ രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഒരു ഡോക്ടർ എന്ന നിലയ്ക്ക് കൃത്യമായ ധാരണകളുണ്ടായിട്ടും ഇയാൾ കാണിച്ച അലസമനോഭാവം ഇതോടെ അസുഖം പടരുന്ന സാഹചര്യത്തിലാക്കിയിരിക്കുന്നത് നൂറുകണക്കിന് പേരെയാണ്. ഇതു പോലെ നിരവധി പേർ ക്വാറന്റൈൻ ചെയ്യാതെ, മറ്റുളളവരോട് ഇടപെട്ടതാണ് ഇറ്റലിയിൽ അസുഖം ഇത്രകണ്ട് പടരാൻ കാരണമായത് എന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. 

click me!