വണ്ണം കുറയ്ക്കാൻ ഉലുവ സഹായിക്കും; ഉപയോഗിക്കേണ്ടത് ദാ ഇങ്ങനെ...

Published : Nov 25, 2023, 10:06 AM IST
വണ്ണം കുറയ്ക്കാൻ ഉലുവ സഹായിക്കും; ഉപയോഗിക്കേണ്ടത് ദാ ഇങ്ങനെ...

Synopsis

ദിവസത്തില്‍ കഴിക്കുന്ന ഉലുവയുടെ അളവ് പ്രത്യേകം ശ്രദ്ധിക്കണേ. ഇത് കൂടിയാല്‍ ഗ്യാസ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മപ്രശ്നങ്ങള്‍ എല്ലാം ഉണ്ടാകാം. ഇനി എങ്ങനെയെല്ലാം ഉലുവ ഉപയോഗിക്കാം എന്നത് കൂടി മനസിലാക്കാം.

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വര്‍ക്കൗട്ടോ ഡയറ്റോ എല്ലാം ഇതിനാവശ്യമാണ്. എത്രമാത്രം വണ്ണം കുറയ്ക്കണോ അതിന് അനുസരിച്ച് വേണം ഈ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം തീരുമാനിക്കാൻ. എന്തായാലും ആദ്യമേ സൂചിപ്പിച്ചത് പോലെ എളുപ്പത്തില്‍ വണ്ണം കുറയ്ക്കുകയെന്ന സാധ്യത ഇല്ലേയില്ല.

വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനായാല്‍ ക്രമേണ വണ്ണം കുറയാം. ഇങ്ങനെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതും ഡയറ്റില്‍ നിന്നൊഴിവാക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഇതില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. 

ഉലുവയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നായി ഉലുവയെ മാറ്റുന്നത്. ഉലുവയിലുള്ള  'ഫോസ്ഫോ-ലിപിഡ്സ്', 'ഗ്ലൈക്കോ-ലിപിഡ്സ്', 'ഒലീയിക് ആസിഡ്', 'ലിനോലെനിക് ആസിഡ്', 'ലിനോലെക് ആസിഡ്', 'കോളിൻ', വൈറ്റമിൻ എ, വൈറ്റമിൻ ബി1, വൈറ്റമിൻ ബി2, വൈറ്റമിൻ സി, നിക്കോട്ടിനിക് ആസിഡ്, നിയാസിൻ എന്നിങ്ങനെ പല ഘടകങ്ങളും ആരോഗ്യത്തെ പലവിധത്തില്‍ സഹായകമാണ്. 

എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതിന് ഉലുവ സഹായിക്കുന്നത് എന്നത് കൂടി അറിയാം. ശരീരത്തിലെത്തുന്ന കലോറിയില്‍ അധികമായി വരുന്നത് നമ്മളെ ബാധിക്കാതെ നോക്കാൻ ഉലുവയിലെ ഫൈബര്‍ സഹായിക്കുന്നു. ഉലുവയിലുള്ള വൈറ്റമിൻ സിയാണെങ്കില്‍ ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകിടക്കുന്ന വിഷാംശങ്ങളും മറ്റ് പദാര്‍ത്ഥങ്ങളും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുന്നതില്‍ സഹായിക്കുന്നു. ഇതും വണ്ണം കുറയ്ക്കുന്നവരെ സംബന്ധിച്ച് പ്രധാനമാണ്. 

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഉലുവ സഹായിക്കുന്നുണ്ട്. ഇതും വണ്ണം കുറയ്ക്കാൻ സഹായകം തന്നെ. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും ഉലുവ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനും ഉലുവ സഹായിക്കുന്നു. ഇതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായ സവിശേഷതയാണ്.

അതേസമയം ദിവസത്തില്‍ കഴിക്കുന്ന ഉലുവയുടെ അളവ് പ്രത്യേകം ശ്രദ്ധിക്കണേ. ഇത് കൂടിയാല്‍ ഗ്യാസ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മപ്രശ്നങ്ങള്‍ എല്ലാം ഉണ്ടാകാം. ഇനി എങ്ങനെയെല്ലാം ഉലുവ ഉപയോഗിക്കാം എന്നത് കൂടി മനസിലാക്കാം.

ഏറ്റവുമധികം പേര്‍ വണ്ണം കുറയ്ക്കാനായി ഉലുവ ഉപയോഗിക്കുന്നത് ഉലുവ വെള്ളമുണ്ടാക്കിയാണ്. ഇതാണ് ഏറെ പേരുടെയും രീതി. ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ വെറുംവയറ്റില്‍ ഇത് അരിച്ചെടുത്ത് കുടിക്കും. അത്രതന്നെ. 

ചിലര്‍ ഉലുവ ചായ ഉണ്ടാക്കി കഴിക്കാറുണ്ട്. ഇതില്‍ പക്ഷേ തേയിലയും മറ്റും ചേര്‍ക്കില്ല കെട്ടോ. തിളച്ച വെള്ളത്തിലാണ് ഉലുവയെന്ന് മാത്രം. വെള്ളം ഉലുവയിട്ട് തിളപ്പിച്ച് പകുതിയോളം വറ്റിച്ചെടുക്കണം. ബാക്കി വരുന്ന വെള്ളം അരിച്ചെടുത്ത് ചായ പോലെ ചൂടോടെ കുടിക്കാം. 

നമ്മള്‍ സലാഡുകളോ റെയ്ത്തയോ എല്ലാം തയ്യാറാക്കുമ്പോള്‍ ഇതിലേക്ക് അല്‍പം ഉലുവ വറുത്ത് ചേര്‍ക്കാം. അങ്ങനെയും ഉലുവ കഴിക്കാവുന്നതാണ്. ഇതിന് പുറമെ കറികളിലും മറ്റ് വിഭവങ്ങളും ഉലുവ ചേര്‍ത്തും കഴിക്കാം. ഉലുവ മുളപ്പിച്ചും കഴിക്കാവുന്നതാണ്. നനഞ്ഞ, വൃത്തിയുള്ളൊരു തുണിയില്‍ കഴുകി വൃത്തിയാക്കിയെടുത്ത ഉലുവ കെട്ടിവച്ചാല്‍ കണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഇത് മുളച്ചുവരും. ഇതും കഴിക്കാനെടുക്കാവുന്നതാണ്. മുളപ്പിച്ച ഉലുവ കുറെക്കൂടി പോഷകപ്രദമാണ്.

Also Read:- ചുവന്ന ചീര കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ