
രാത്രി കിടക്കയിൽ കിടന്ന് സോഷ്യൽ മീഡിയ പേജുകൾ സ്ക്രോൾ ചെയ്യുന്നതും, വീഡിയോകൾ കാണുന്നതും നിങ്ങളുടെ പതിവാണോ? ദിവസേനയുള്ള മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ഇതിലൂടെ കഴിയുമെങ്കിലും, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
വൈകി ഉറങ്ങാൻ കിടന്നാലും രാവിലെ കൂടുതൽ സമയം ഉറങ്ങുന്നതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. പുതിയ വിവരങ്ങൾ പ്രോസസ്സ് ചെയ്യുക, ഓർമ്മകൾ ക്രമീകരിക്കുക, കോശങ്ങളെ പുനരുജ്ജീവിപ്പിക്കുക, മാനസികാവസ്ഥ നിയന്ത്രിക്കുക, പകൽ സമയത്ത് അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളുക എന്നിവയൊക്കെ ഉറക്കത്തിനിടയിലാണ് തലച്ചോറ് ചെയ്യുന്നത്.
തലച്ചോറിനെ കൂടുതൽ ഉദ്ദീപിപ്പിക്കും: ഉറങ്ങാൻ കിടക്കുമ്പോഴും മെസ്സേജുകൾ അയക്കുന്നതും വീഡിയോകൾ കാണുന്നതും തലച്ചോറിനെ വിശ്രമിക്കാൻ അനുവദിക്കാതെ നിരന്തരം ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു.
മെലാടോണിന്റെ കുറവ്: സ്ക്രീനുകളിൽ നിന്നുവരുന്ന നീല വെളിച്ചം ശരീരത്തിൽ ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു.
ആന്തരിക ക്ലോക്കിന്റെ തകരാറ്: രാത്രി സമയങ്ങളിൽ ശരീരം സ്വാഭാവികമായി വിശ്രമത്തിലേക്ക് പോകുമ്പോൾ, നീല വെളിച്ചം തലച്ചോറിനെ ജാഗരൂകമാക്കി നിർത്തുന്നു. ഇതിനാൽ എട്ട് മണിക്കൂർ ഉറങ്ങിയാൽ പോലും രാവിലെ ഉണരുമ്പോൾ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാം.
ഉറക്കമില്ലായ്മ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?
1. ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയെ ബാധിക്കും
കാര്യങ്ങൾ ഓർത്തു വെക്കാനുള്ള കഴിവ് കുറയുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി എന്നിവ മന്ദഗതിയിലാകുന്നു. പഠനത്തിലും ജോലിയിലും കാര്യക്ഷമത കുറയുന്നു.
2. വൈകാരിക തലത്തിൽ മാറ്റങ്ങൾ ഉണ്ടാവും
മാനസികാവസ്ഥ നിയന്ത്രിക്കാൻ പ്രയാസം നേരിടുന്നു. ദേഷ്യം, ഉത്കണ്ഠ, അനാവശ്യമായ മാനസിക സമ്മർദ്ദം എന്നിവ വർദ്ധിക്കുന്നു. ബ്രയിൻ ഫോഗ് അഥവാ ചിന്തകളിൽ വ്യക്തതയില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു.
3. ശാരീരിക പ്രശ്നങ്ങൾ
തലവേദന വർദ്ധിക്കുകയും മൈഗ്രേൻ ഉള്ളവരിൽ രോഗലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുകയും ചെയ്യുന്നു.
നിങ്ങളുടെ ഉറക്കത്തെ ഫോൺ ഉപയോഗം ബാധിച്ചിട്ടുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ.
2. രാത്രിയിൽ അടിക്കടി ഉറക്കത്തിൽ നിന്ന് ഉണരുക
3. രാവിലെ ഉണരുമ്പോൾ ഉന്മേഷക്കുറവ് തോന്നുക
4. രാവിലെ അനുഭവപ്പെടുന്ന തലവേദന
5. ശ്രദ്ധക്കുറവും മറവിയും
6. പകൽ സമയത്തെ കാര്യക്ഷമതക്കുറവ്
7. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഉത്കണ്ഠ
8. പകൽ സമയത്ത് അമിതമായ ഉറക്കം
ഈ ലക്ഷണങ്ങൾ ആഴ്ചകളോളം തുടരുകയാണെങ്കിൽ, കൃത്യമായ വിദഗ്ദ്ധ ഉപദേശത്തിനായി ഒരു ന്യൂറോളജിസ്റ്റിനെയോ സ്ലീപ്പ് സ്‌പെഷ്യലിസ്റ്റിനെയോ കാണേണ്ടത് അത്യാവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam